നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. അത് ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്നതാണ് മാധ്യമ ധര്‍മം.. ഇതെക്കുറിച്ചു വിവാദങ്ങള്‍ എക്കാലവും ഉയരാറുണ്ട്. മാധ്യമ മാന്യതയും വാര്‍ത്തകളിലെ വസ്തുതകളും നിരന്തരം വിമര്‍ശനവിധേയമാകുന്നു. ജനാധിപത്യ രാജ്യത്ത് ഇത്തരം ചര്‍ച്ചകളും വിവാദങ്ങളും പതിവാണെങ്കിലും നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പല മാധ്യമ രീതികളും അനാരോഗ്യകരമാണെന്ന കാര്യവും വിസ്മരിക്കാനാവില്ല.
വസ്തുതകള്‍ വെളിച്ചത്തുവരുന്നതില്‍ ആര്‍ക്കാണ് ഭയം? വസ്തുതകള്‍ വളച്ചൊടിക്കുന്നവര്‍ക്കുതന്നെയാവും ആ ഭീതി. എന്നാല്‍ മാധ്യമങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ മ്ത്സരിക്കുകയാണിപ്പോള്‍. പ്രത്യക്ഷമായ വിധേയത്വം സത്യത്തെ വക്രീകരിക്കുന്നതിനു മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നു. അതു രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമല്ല മറ്റു പലതുമാകാം. മാധ്യമ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലായതിനാല്‍ അവിടെ പണം മുടക്കുന്നവരുടെ താത്പര്യമാണ് മുന്നില്‍ നില്‍ക്കുക. നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമെന്നൊക്കെ വീമ്പു പറയുമെങ്കിലും പ്രത്യക്ഷമായ പക്ഷംപിടിക്കല്‍ മിക്കവര്‍ക്കും മനസിലാകും. ഇനി അതു മനസിലാക്കിയാല്‍പോലും കുഴപ്പമില്ലെന്ന മട്ടിലാണ് ചിലരുടെ വാര്‍ത്താവിന്യാസം.
ഒരു നുണ നുറു തവണ ആവര്‍ത്തിച്ചാല്‍ അതു സത്യമെന്നു കരുതിക്കൊള്ളുമെന്നു സിദ്ധാന്തം ഇന്നു മാധ്യമലോകത്ത് വേരുപിടിച്ചിട്ടുണ്ട്. അതേസമയം സമൂഹ മാധ്യങ്ങള്‍ സജീവമാതോടെ ഇതിന് ഇളക്കം സംഭവിക്കുന്നുണ്ട്. വലിയ മാധ്യമസ്ഥാപനങ്ങള്‍ പടച്ചുവിടുന്ന പ്ലാന്റഡ് സ്റ്റോറികള്‍പോലും ചില യുട്യൂബര്‍മാരും സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളുമൊക്കെ തകര്‍ത്തു തരിപ്പണമാക്കുന്നത് അപൂര്‍വമല്ല. അവിടെയുമുണ്ട് ഇത്തിള്‍ കണ്ണികള്‍. ആധുനിക വാര്‍ത്താവിനിമയ കാലത്ത് മാധ്യമങ്ങളെ അകറ്റിനിര്‍ത്തി വസ്തുതകള്‍ ഒളിപ്പിച്ചുവയ്ക്കാമെന്നു കരുതുന്നത് മൗഢ്യമാണ്.
എംജി സര്‍വകലാശാലയില്‍ മാധ്യമങ്ങളെ വിലക്കിക്കൊണ്ട് വൈസ്ചാന്‍സലര്‍ ഡോ.വി.മാവൂത് പുറപ്പെടുവിച്ച ഉത്തരവ് ഈ ദിവസങ്ങളില്‍ വലിയ വിവാദമായി. കേരളത്തിലെ ഒട്ടുമിക്ക സര്‍വകലാശാലകളും ഇപ്പോള്‍ പോര്‍ക്കളങ്ങളായി മാറിയിട്ടുണ്ട്. സര്‍ക്കാരും ഗവര്‍ണറും വൈസ് ചാന്‍സലര്‍മാരും സിന്‍ഡിക്കറ്റ് അംഗങ്ങളും അതിശക്തരായ അധ്യാപക സംഘടനകളുമെല്ലാം ഈ പോരാട്ടത്തിലുണ്ട്. ഈ ചക്കളത്തിപോരാട്ടം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മുച്ചുടും മുടിപ്പിക്കുമെന്നൊന്നും അവര്‍ക്ക് ആശങ്കയില്ല. തങ്ങളുടെ കാര്യങ്ങളൊക്കെ മുറപോലെ നടന്നാല്‍ മതി എല്ലാവര്‍ക്കും.
എംജി വിസിയുടെ മാധ്യമ നിയന്ത്രണ ഉത്തരവിനെതിരേ എസ്എഫ്‌ഐയും കെഎസ് യുവം ശക്തമായി രംഗത്തുണ്ട്. ആരാണ് വിസിയുടെ നടപടിയെ കൂടുതല്‍ ശക്തമായി എതിര്‍ക്കുതെന്നു ബോധ്യപ്പെടുത്താനുള്ള മത്സരത്തിലാണ് അവര്‍. മാധ്യമ നിരോധനത്തിനെതിരേ വിദ്യാഭ്യാസ വിദഗ്ധരും രംഗത്തെത്തി. എംജിയിലെ തന്നെ ചില മുന്‍ വൈസ് ചാന്‍സലര്‍മാരും ഇതെക്കുറിച്ചു പ്രതികരിച്ചിട്ടുണ്ട്. നിരോധനത്തെ പുറമേ എതിര്‍ക്കുന്നുവെങ്കിലും ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നു തന്നെയാണ് പല മുന്‍ വൈസ് ചാന്‍സലര്‍മാരും പലരും പറായാതെ പറയുന്നത്.
സര്‍വകലാശാല പൊതുജനങ്ങളുടെ പരിശോധനയ്ക്കും വിമര്‍ശനത്തിനു അതീതമല്ലെന്നു പറയുമ്പോഴും മാധ്യമങ്ങളുടെ പ്രവേശനത്തിന് ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അനുവദനീയമാണെന്നു പ്രഫ. രാജന്‍ ഗുരുക്കള്‍ പറയുന്നു. ഔദ്യോഗിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന പൊതു ഇടങ്ങളില്‍ അനുവദനീയമായ നിയന്ത്രണങ്ങള്‍ അനിവാര്യമായി വന്നേക്കാമെന്ന് എംജിയിലെ മറ്റൊരു മുന്‍ വിസിയായ ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ വിലക്കിയതിനോടു യോജിക്കുന്നില്ലെന്നു വ്യക്തമാക്കുമ്പോഴും സര്‍വകലാശാലകളെവാര്‍ത്തകളുടെ ഇരകളാക്കരുതെന്നാണ് എംജിയിലും പിന്നീട് കേന്ദ്ര സര്‍വകലാശാലയിലും വൈസ് ചാന്‍സലറായിരുന്ന ഡോ. ജാന്‍സി ജെയിംസിന്റെ അഭിപ്രായം. വിദ്യാര്‍ഥി നേതാക്കള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് വൈസ്ചാന്‍സലറുടെ രാഷ്ട്രീയ ആഭിമുഖ്യവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമൊക്കെയാണ്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് കേസുകള്‍ വര്‍ധിച്ചുവരുന്നതായുള്ള യുജിസി രേഖകള്‍ പുറത്തുവരുന്നു. 2022ലാണ് റാഗിംഗ് വിരുദ്ധ പോര്‍ട്ടല്‍ ആരംഭിച്ചത്. അതിനുശേഷം നവംബര്‍ 11 വരെ 5803 പരാതികളാണ് ഉണ്ടായത്. കേരളത്തില്‍നിന്ന് 145 പരാതികള്‍ വന്നു. പോര്‍ട്ടല്‍ ആരംഭിക്കുന്നതിനു മുമ്പുള്ള നാലുവര്‍ഷം 2939 പരാതികളാണ് വന്നത്.
ഏതായാലും നമ്മുടെ ഉന്നത വിദ്യാഭ്യസ രംഗത്തെ കലുഷിതാന്തരീക്ഷം അടുത്തെങ്ങും കലങ്ങിത്തെളിയുമെന്നു തോന്നുന്നില്ല. അതിനു പ്രധാന കാരണം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നടക്കുന്നത് കലാലയങ്ങളില്‍ ഉള്ളവര്‍ തന്നെയാണെന്നതാണ്. അധികാര തര്‍ക്കങ്ങളും പരീക്ഷാ ക്രമക്കേടുകളും നിയമനവിവാദങ്ങളുമൊക്കെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊടുമ്പിരി കൊളളുമ്പോള്‍ നിലവാരം മെച്ചപ്പെടുത്താനും മികവു പ്രകടിപ്പിക്കാനുമൊക്കെ ആരാണ് ശ്രദ്ധിക്കുക?
ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ വേള്‍ഡ് യുണിവേഴ്‌സിറ്റി റാങ്കിംഗില്‍ 501-600 വിഭാഗത്തില്‍ പെട്ടിരുന്ന എംജി സര്‍വകലാശാല 2024-25ലെ പ്രവര്‍ത്തന വിലിയിരുത്തിലിന്റെ അടിസ്ഥാനത്തിലുള്ള പുതിയ റാങ്കിംഗ് വന്നപ്പോള്‍ 1001-1200 പട്ടികയിലെത്തി. വീഴ്ച പരിശോധിച്ച് അതു പരിഹരിക്കുമെന്നു വിസി ഡോ. ഡി. മാവൂത് പറയുന്നു. കേവലം റാങ്കിംഗുകളെക്കാള്‍ വിശ്വസനീയവും അക്കാദമിക നിലവാരം അളക്കുന്നതും ഗ്രേഡിംഗ് സംവിധാനങ്ങളാണെന്നൊരു ന്യായവാദം കൂടി വിസി കൂട്ടിച്ചര്‍ക്കുന്നു. ഇതാണ് വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും ബാക്കിപത്രം. ഒരു സര്‍വകലാശാല അതിന്റെ നിലവാരനിര്‍ണയ റാങ്കിംഗില്‍ പിന്നോക്കം പോകുമ്പോള്‍ നഷ്ടം പ്രധാനമായും വിദ്യാര്‍ഥികള്‍ക്കു തന്നെ.
ഇതിനിടെ എംജി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജകളിലെ നാലു വര്‍ഷ ഡിഗ്രികോഴ്‌സുകളില്‍ പഠിക്കുന്നവിദ്യാര്‍ഥികളടെ ഇന്റേണല്‍ മാര്‍ക്കുകള്‍ തയാറാക്കുന്ന സിസിഎ ജനറേറ്റര്‍ ലിങ്ക് പ്രവര്‍ത്തനരഹിതമാക്കിയെന്ന പരാതി ഹൈക്കോടതിയില്‍ എത്തി. അധ്യാപക സംഘടനകള്‍ തമ്മിലും ഇതെക്കുറിച്ചുള്ള പോര് മൂത്തു. അധ്യാപക സംഘടനയായ എകെ പിസിടിഎ പാസ് വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തതാണ് ലിങ്ക പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് കെപിടിസിഎ പരാതിപ്പെടുന്നു. ഇതെക്കുറിച്ചുള്ള പരാതികള്‍ വൈസ് ചാന്‍സലറും ഇടത് അധ്യാപക സംഘടനയും ചേര്‍ന്ന് അട്ടിമറിച്ചു എന്നാരോപിച്ച് സെനറ്റ് അംഗമായ ഡോ. കെ സിന്ധുവാണ് ഹൈക്കോടതിയല്‍ ഹര്‍ജി നല്‍കിയത്. പരാതിയില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായി.
ഇതാണ് മഹാത്മജിയുടെ പേരിലുള്ള കേരളത്തിലെ ഒരു സര്‍വകലാശാലയിലെ സ്ഥിതി. ആദിശങ്കരിന്റെ പേരിലുള്ള കാലടി സര്‍വകലാശാലയിലാകട്ടെ വിസിയും വിദ്യാര്‍ഥികളും തമ്മിലുള്ള പോരാട്ടം സുപ്രീം കോടതിയില്‍ എത്തി നില്‍ക്കുന്നു. സംസ്ഥാനത്തെ ഇതര സര്‍വകലാശാലകളിലും സ്ഥിതി ഭിന്നമല്ല. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയാല്‍ ഇതൊന്നു ആരും അറിയില്ലെന്നു കരുതുന്നതല്ലേ വിഡ്ഢിത്വം.
നന്ദി, നമസ്‌കാരം.
രചന: സെര്‍ജി ആന്റണി
One attachment • Scanned by Gmail
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives