Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 16, 2026 Community Blog

വാര്‍ത്താവീക്ഷണം

  • ആരാണ് നമ്മെ സ്വാധീനിക്കുക?

സമൂഹ മാധ്യമങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന, ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉള്ള, താരപരിവേഷമുള്ള ചിലര്‍ ലഹരിക്കടത്തും സാമ്പത്തിക തട്ടിപ്പും എന്നുവേണ്ട മോഷണത്തിനുപോലും പിടിയിലാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.. ആരിലാണ് ഇവര്‍ സ്വാധീനം ചെലുത്തുന്നത്. സ്വാഭാവികമായും പുതുതലമുറയെത്തന്നെ. 'ജെന്‍സി' എന്നാണല്ലോ അവരുടെ വിശേഷണം.

ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളുമൊക്കെ ഫോളോവേഴ്‌സ് ആയുള്ള ഇത്തരക്കാരുടെ തനിനിറം പുറത്തുവരുമ്പോള്‍ ജനം ആകെ അന്ധാളിക്കുകയാണ്. മിന്നുന്നതെല്ലാം പൊന്നല്ലെന്നത് പഴമൊഴിയാണെങ്കിലും അതു പുതുമൊഴിയായി കണക്കാക്കാം. ചില യുട്യൂബര്‍മാരും അവതാരകരും അവരുടെ അവതരണ മികവില്‍ പെട്ടെന്നു ശ്രദ്ധിക്കപ്പെടും. അതുവഴി അവര്‍ക്ക് ഏറെ ആരാധകരുമുണ്ടാവും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെകാര്യം പറയുകയും വേണ്ട. സിനിമാ താരങ്ങളും ടെലിവിഷന്‍ അവതാരകരും എന്നുവേണ്ട ഇപ്പോള്‍ വിവാഹച്ചടങ്ങുകള്‍ക്കും പൊതുപരിപാടികള്‍ക്കും കൊമ്പയറിംഗിന് എത്തുന്നവര്‍പോലും സെലിബ്രറ്റി പ്രതിച്ഛായയിലാണ്.

ഉദ്ഘാടനച്ചടങ്ങുകള്‍ക്കു മാത്രമായി കെട്ടിയെഴുന്നെള്ളിക്കുന്ന ചില സെലിബ്രറ്റികളുമുണ്ട്. കേരളത്തിന്റെ സാംസ്‌കാരികത്തനിമയുടെ ചില പാഠഭേദങ്ങളാണ് ഇവയെല്ലാം. ഇവിടെയെല്ലാം ഓടിക്കൂടാന്‍ മലയാളികള്‍ ഉള്ളിടത്തോളം കാലം ഇത്തരം കെട്ടുകാഴ്ചകള്‍ തുടരുകന്നെ ചെയ്യും.  രാഷ്ട്രീയക്കാര്‍പോലും ഇത്തരം സെലിബ്രറ്റി പരിവേഷത്തിനായി മത്സരിക്കുകയാണിപ്പോള്‍. ജനകീയ പദ്ധതികള്‍ക്ക് ബ്രാന്‍ഡ് അംബാസഡര്‍മാരാകാന്‍ അവര്‍ക്കും കഴിയാതെപോകുന്നു. അപ്പോള്‍ പിന്നെ കാലാ കായിക രംഗത്തെ സെലിബ്രറ്റികളെ ചാരേ നിര്‍ത്തുകയാണു മാര്‍ഗം.

സൂപ്പര്‍ താരങ്ങള്‍ തുടങ്ങി ഇടത്തരം, ചെറുകിട സെലിബ്രറ്റികള്‍ക്കുപോലും ഇപ്പോള്‍ നല്ല ഡിമാന്‍ഡാണ്. ആശയങ്ങള്‍ ജനമനസില്‍ കയറാന്‍ ഇവരൊക്കെ പറയണമെന്നു വന്നിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെഉദ്ഘാടന മാമാങ്കം വര്‍ണശബളമാക്കാന്‍ ചിലര്‍ക്കു പ്രത്യേക ഡിമാന്‍ഡാണ്.

സര്‍ക്കാര്‍ പദ്ധതികള്‍ക്കും വേണം ബ്രാന്‍ഡ് ്അംബസാഡര്‍മാര്‍. റോഡു സുരക്ഷയ്ക്കായാലും ലഹരി വിരുദ്ധ പ്രചരണത്തിനായാലും കൃഷി വ്യാപനത്തിനായാലു നക്ഷത്രപ്രചാരകരെത്തന്നെ രംഗത്തിറിക്കിയാലേ മതിയാവൂ എന്നായിരിക്കുന്നു. അവരുടെ ജനപ്രീതി തീര്‍ച്ചയായും ആളുകളെ ആകര്‍ഷിക്കുകതന്നെ ചെയ്യും. പക്ഷേ അതിനുമപ്പുറം ഇത്തരം പദ്ധതികളുടെ ജനകീയത വളരേണ്ടിയിരിക്കുന്നു.

2030 ആകുമ്പോള്‍ റോഡ് അപകടങ്ങളും അതുവിഴിയുള്ള മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന 'ജീവ-സുയാത്ര' മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിച്ചു. നടന്‍ മമ്മൂട്ടിയാണ് 'ജീവ- സുയാത്ര' മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍. സുയാത്ര മിഷന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തപ്പോള്‍ പേടിച്ചുപോയെന്നാണ് മമ്മൂട്ടി പറഞ്ഞത്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. അത്ര സല്‍പേരുള്ളതല്ല തന്റെ ഡ്രൈവിംഗ് എന്ന് അദ്ദേഹം തുറന്നുപറഞ്ഞു. തനിക്ക് സ്പീഡ് ഇഷ്ടമാണെന്നും എന്നാല്‍ സ്പീഡ് ഉണ്ടെങ്കിലും ജാഗ്രതയും ഏകാഗ്രതയും ശ്രദ്ധയും വേണമെന്നും അങ്ങിനെയാണ് താന്‍ വണ്ടി ഓടിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സ്വന്തമായി ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹാകരണത്തോടെ സ്‌കൂളുകളില്‍ ആരംഭിക്കുന്ന 'കതിര്‍' പദ്ധതിയുടെ ബ്രാന്‍ഡ് അംബസഡര്‍ നടന്‍ മോഹന്‍ലാലാണ്. കൃഷിയോടുള്ള തന്റെ ആഭിമുഖ്യവും വീട്ടകത്തെ കൃഷിയെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ പറയുകയുണ്ടായി.

സൂപ്പര്‍ താരങ്ങളും സെലിബ്രറ്റികളും സാധാരണ മനുഷ്യരെ ഏരെ സ്വാധീനിക്കും. അവരുടെ താരപരിവേഷം അവര്‍ പറയുന്ന കാര്യങ്ങളുടെ പ്രചാരണത്തിനു സഹായകമാണ്. അന്ധമായ താരാരാധനയുടെ കാലം കടന്നുപോയെങ്കിലും ഇന്നും താരങ്ങളെ കാണാന്‍ ആളുകൂടുന്നുണ്ട്. അഭ്രപാളികളിലെ അവരുടെ അഭിനയമികവും വേദികളിലെ അത്ഭുത പ്രകടനങ്ങളും എല്ലാവരെയും ആവേശം കൊള്ളിക്കുമ്പോഴും അവരില്‍ പലരുടെയും വ്യക്തിജീവിതം അത്ര സുതാര്യമാകണമെന്നില്ല. അതെന്തിനാണ്, അവരുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലുന്നത് എന്നായിരിക്കും അപ്പോള്‍ മറുചോദ്യം.

ചില പ്രമുഖ മലയാള നടന്മാര്‍ ലഹരിക്കേസില്‍ ഉള്‍പ്പെട്ടതിന്റെ കഥകളും അധികം അകലെയല്ല. പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇറങ്ങിയോടിയ നടന്‍ അഭ്രപാളിയിലെ സജീവ സാന്നിധ്യമാണ് ഇപ്പോഴും. കുടുംബജീവിതത്തെക്കുറിച്ച് ആധ്യാത്മികതയിലൂന്നിയ മഹാകാര്യങ്ങള്‍ വിളമ്പിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം വിഴുപ്പലക്കുമ്പോള്‍ അവരുടെ വാക്കും പ്രവൃത്തികളും വിലയിരുത്തപ്പെടുകതന്നെ ചെയ്യും. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നതു മറ്റൊന്നും എന്നത് ആരുടെ കാര്യത്തിലായാലും അധികകാലം ന്യായീകരിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ല.

മധുര തനിഷ്‌ക് ജ്വല്ലറിയില്‍നിന്ന് 15 കിലോഗ്രാം സ്വര്‍ണവും വജ്രവും മോഷ്ടിച്ച കേസില്‍ സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സറായ 22 കാരി മീനാക്ഷി നാച്ചിയാര്‍ കഴിഞ്ഞദിവസം അറസ്റ്റിലായി. ഒളിവിലായിരുന്ന മുഖ്യപ്രതിയും മീനാക്ഷിയുടെ സുഹൃത്തുമായ  സുഹൃത്ത് നിഷാന്ത് ഇന്നു രാവിലെ പിടിയിലായി. നിഷാന്തിന്റെ പിതാവ് സുരേഷും അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം. ഹൈദര്‍ മധൂര്‍ മുഹമ്മദ് എന്ന സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ മൂന്നര ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം കാസര്‍ഗോഡ് അറസ്റ്റിലായിരുന്നു.  

പ്രായപൂര്‍ത്തിയാകാത്ത നൂറിലധികം പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ ചൂഷണം ചെയ്ത കേസില്‍ 27 വയസുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിബിലാല്‍ കാസിക്ക് ഈയിടെ ഇംഗ്ലണ്ടിലെ ചെഷയര്‍ ക്രൗണ്‍ കോടതി30 വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലും പതിമൂന്നു വയസുകാരനായി ചമഞ്ഞണ് ഇയാള്‍ പെണ്‍ുകട്ടികളെ വലയിലാക്കിയത്. ഇവരില്‍നിന്ന് അശ്ലീല ചിത്രങ്ങളും വീഡിയോകളും വാങ്ങുകയു പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്ന പതിവ്.

സമൂഹമാധ്യമങ്ങളില്‍ കൂണുകള്‍ പോലെ പൊട്ടിമുളച്ചുവരുന്ന സെലിബ്രറ്റികളും ഇന്‍ഫ്‌ളുവന്‍സേഴ്‌സും താരശോഭയുടെ ഇരുണ്ട മുഖങ്ങള്‍ കാട്ടുമ്പോള്‍ ആകെയൊരു അവിശ്വാസമാകും ജെന്‍സിയില്‍ ഉയരുക. കാര്യങ്ങള്‍ മനസിലാക്കിമാത്രം ആരാവണം മാതൃക എന്നു ചിന്തിക്കുന്നവരും ജെന്‍സി തലമുറയില്‍ ധാരളം ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. ആരാവണം നമ്മെ സ്വാധീനിക്കേണ്ടത് എന്നു നാം തന്നെ നിശ്ചയിക്കേണ്ടിയിരിക്കുന്നു.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി 

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives