Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 13, 2026 Community Blog

വാര്‍ത്താവീക്ഷണം

  • അല്പം പിന്നോട്ട്, പിന്നീടു മുന്നോട്ട്

ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട് എന്നത് യുദ്ധതന്ത്രത്തില്‍ മാത്രമല്ല രാഷ്ട്രീയ നീക്കങ്ങളിലും ഏറെ പ്രസക്തമാണ്. ഭരണകൂടങ്ങള്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് എതിര്‍പ്പുണ്ടാകുമ്പോള്‍ കൗശലക്കാരായ ഭരണാധികാരികള്‍ സ്വീകരിക്കുന്ന ചില തന്ത്രങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

ജനാധിപത്യ ഭരണക്രമത്തില്‍ ജനകീയ മുന്നേറ്റങ്ങളെയും സ്വന്തം പക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങളെയും തീര്‍ത്തും അവഗണിക്കാനാവില്ല. സ്വേച്ഛാധിപത്യ മനോഭാവമുള്ളവരും ഏതുവിധേനയും തന്റെ തീരുമാനം നടപ്പാക്കണമെന്നു വാശിപിടിക്കുന്നവരുമായ ചില ഭരണാധികാരികള്‍ ഇവയൊക്കെ അവഗണിച്ചെന്നിരിക്കും. കൂടെയുള്ളവര്‍ നല്‍കുന്ന വിവേകപൂര്‍ണമായ അഭിപ്രായങ്ങളെപ്പോലും അവര്‍ അവഗണിക്കും. അതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ അവര്‍ തന്നെ അനുഭവിക്കേണ്ടതായും വരും. അതിന് എത്രയോ ഉദാഹരണങ്ങള്‍ ലോകരാഷ്ട്രീയത്തില്‍ തുടങ്ങി പ്രാദേശിക രാഷ്ട്രീയത്തില്‍വരെ ചൂണ്ടിക്കാണിക്കാനാവും.

ലോകശക്തിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയുടെ കരുത്തുറ്റ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അടുത്തകാലത്തു ന്ടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി ഈ പരമ്പരയിലെ സമകാലിക ഉദാഹരണം. ഇന്ത്യയില്‍ അടുത്തകാലത്ത് കോക്രോച്ച് ജനതാപാര്‍ട്ടി തുടങ്ങിവച്ച യുവജന മുന്നേറ്റത്തിന്റെ നാള്‍വഴി പരിശോധിച്ചാലും കൗതുകകരമായ ചില രാഷ്ട്രീയ പാഠങ്ങള്‍ മനസിലാക്കാനാവും.

നീറ്റ് പരീക്ഷയില്‍ ഉള്‍പ്പെടെ നടന്ന ഗുരുതരമായ ക്രമക്കേടുകള്‍ രാജ്യത്തെ യുവതയെ ആകെ അസ്വസ്ഥമാക്കിയിരുന്നു. ആദ്യം അതൊന്നും ആരും ഗൗരവത്തിലെടുത്തില്ല. ജുഡീഷറിപോലും അതിനെ പരിഹസിക്കുകയാണു ചെയ്തത്. ഏതായാലും പിന്നീടുണ്ടായ സമരകോലാഹലങ്ങളും യുവജന മുന്നേറ്റവുമൊക്കെ നാം കണ്ടു. പ്രതിപക്ഷ ഇന്ത്യാ സഖ്യവും ഈ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നു. എന്നാല്‍ സമരത്തിന്റെ ക്രെഡിറ്റ് പാറ്റാ പാര്‍ട്ടിക്കാര്‍ കൊണ്ടുപോയാലും ഇന്ത്യ സഖ്യമോ വിശേഷിച്ച് കോണ്‍ഗ്രസോ ഇതിന്റെ ഗുണഭോക്താക്കളാകരുതെന്ന് കേന്ദ്ര സര്‍ക്കാരിനു നിര്‍ബന്ധമുണ്ടായിരുന്നു. അതിന് അവര്‍ കരുക്കള്‍ നീക്കി.

കോണ്‍ഗ്രസ് ഒഴികെ മ്റ്റു പ്രതിപക്ഷ കക്ഷികള്‍ ഒറ്റയ്ക്കും കൂട്ടായും ഒക്കെ സമരത്തില്‍അണിനിരന്നു. അവര്‍ക്കും ചില ലക്ഷ്യങ്ങളൊക്കെ ഉണ്ടായിരുന്നു. ഏതായാലും സമരം മൂര്‍ച്ഛിച്ചതോടെ കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ട് കേന്ദ്ര സര്‍ക്കാരിലെ ചാണക്യന്മാര്‍ കരുക്കള്‍ നീക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു.

തൊട്ടുപിന്നാലെയാണ്എസ് ഐആര്‍ പ്രശ്‌നം ചൂടുപിടിച്ചത്. പതിമൂന്നു കോടിയോളം പേരെ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്താക്കിയ ഈ നടപടി വലിയ പ്രതിഷേധത്തിനിടയാക്കി. ഡല്‍ഹിയില്‍ ഉള്‍പ്പെടെ വന്‍തോതില്‍ വോട്ടു വെട്ടല്‍ നടന്നതിന്റെ കഥകള്‍ പുറത്തുവന്നുതുടങ്ങി. കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും സജീവമായി. സിജെപിയും ഐസയും ഉള്‍പ്പെടെ വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളും വോട്ടുവെട്ടലിനെതിരേ സമരരംഗത്ത് എത്തി. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ടാര്‍ജറ്റ്. ഗ്യാനേഷിനെ മാറ്റാതെ പിന്മാറില്ലെന്ന് എല്ലാവരും ആണയിട്ടു. സമരപരമ്പരകള്‍ തുടര്‍ന്നു.

സിജെപിയും ആം ആദ്മി പാര്‍ട്ടിയും തൃണമൂലുമൊക്കെ പരാതി പരസ്യമായി പ്രകടിപ്പിച്ചെങ്കിലും പഴയ ആവേശം കാട്ടുന്നില്ല. കഴിഞ്ഞദിവസം ഇന്ത്യാസഖ്യം ഡല്‍ഹിയില്‍ വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിന്റെ സംഘാടന മികവിന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നാട്ടില്‍ എത്തിയപ്പോള്‍ വലിയ സ്വീകരണവും അണികള്‍ ഒരുക്കി. ഗ്യാനേഷ് കുമാറിന് ഒഴിയേണ്ടിവരുമെന്നും സമരത്തിന്റെ ഗതിയെക്കുറിച്ചു കൃത്യമായ പദ്ധതിയുണ്ടെന്നും വേണുഗോപാല്‍ ഇപ്പോഴും പറയുന്നു.

ധര്‍മേന്ദ്ര പ്രധാനെ മാറ്റിയപോലെ ഗ്യാനേഷിനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്നു തോന്നുന്നില്ല. എന്നു മാത്രമല്ല, എസ്‌ഐആര്‍ പ്രശ്‌നത്തില്‍ ചില തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. അതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി എന്നതാണു വസ്തുത. പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ചൂടും ചൂരും അത്തരമൊരു നീക്കത്തിനു പ്രേരണയായിട്ടുമുണ്ടാവാം.

ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും 14 സംസ്ഥാനങ്ങളിലെയും കരടു വോട്ടര്‍പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോള്‍ എസ്‌ഐആറിലെ അന്തിമ വോട്ടര്‍പട്ടികയെക്കാള്‍ വലിയ തോതില്‍ വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടുണ്ട്. എസ്‌ഐആറിലെ പാളിച്ചകളുടെ സാക്ഷ്യപത്രം കൂടിയാണിത്.

യുപിയിലെ കരടു പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. അടുത്തവര്‍ഷം ആദ്യം തെരഞ്ഞെടുപ്പ നടക്കാനിരിക്കുന്ന പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും വോട്ടര്‍മാരുടെ എണ്ണംവര്‍ധിച്ചു. യുപിയില്‍ എ്‌സ് ഐആറിലൂടെ 1.27കോടി ഹിന്ദു വോട്ടര്‍മാര്‍ പുറത്തായി എന്ന പരാതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 2.17 ലക്ഷം വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്.

എസ്‌ഐആര്‍ വിരുദ്ധ സമരത്തിന്റെയും ഗ്യാനേഷ് കുമാറിനെ നീക്കാനുള്ള നീക്കത്തിന്റയും മുനയൊടിക്കാന്‍ സമര്‍ഥമായ നീക്കങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യാ സഖ്യത്തിന് എത്രമാത്രം കഴിയും എന്നാണ് കണ്ടറിയേണ്ടത്. ഏതായാലും ജനാധിപത്യം സംരക്ഷിക്കാന്‍ സമരവും പ്രതിഷേധവും അനിവാര്യമായിരിക്കുന്നു. അണിയറ നീക്കങ്ങള്‍ തകര്‍ക്കാനും കഴിയണം.

ഇതിനിടെ മണ്ഡല പുനര്‍നിര്‍ണ ബില്ല് വീണ്ടും കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു.വിദേശ സംഭാവനയുമായി ബന്ധപ്പട്ട എഫ്‌സിആര്‍എ ബില്ലും ചില ഭേദഗതികളോടെ പാസാക്കിയെടുക്കാനും നീക്കം സജീവമായിട്ടുണ്ട്.

ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഏപ്രിലില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കാനായിരുന്നില്ല. പ്രതിപക്ഷത്തു ഭിന്നിപ്പുണ്ടാക്കിയും ഡിഎംകെയപ്പോലുള്ള കക്ഷികളെ കൈയിലെടുത്തും എങ്ങിനെയും ഭൂരിപക്ഷം ഉറപ്പാക്കി  ബില്ല് പാസാക്കാനുള്ള ഊര്‍ജിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.  ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യാ സഖ്യം ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന ബിജെപിയുടെയും ബുദ്ധികേന്ദ്രങ്ങള്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ തയാറാക്കിയ പദ്ധതി വിജയിപ്പിച്ചെടുക്കാന്‍ പരമാവധി ശ്രമിക്കും.

എഫ്‌സിആര്‍എ ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിയുടെ പരിഗണനയിലാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബിജെപി അംഗം സഞ്ജയ് ജെയ്‌സ്വാളിന്റെ നേതൃത്വത്തിലുള്ള ജെപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു കരുതുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളും ക്രൈസ്തവ സംഘനടകളും എഫ്‌സിആര്‍എ ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. പാര്‍ലമെന്ററി സമിതിയുടെ പരിശോധന വെറുമൊരു ചടങ്ങായി മാറരുതെന്നും ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തു നല്‍കിയിരുന്നു.

വോട്ടര്‍പട്ടിക പുതുക്കല്‍, മണ്ഡല പുനര്‍നിര്‍ണയം പോലെയുള്ള കാര്യങ്ങള്‍ തികച്ചും സുതാര്യവും ജനകീയവും ആയിരിക്കണം. എങ്കില്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ് നിലനിര്‍ത്താനാവൂ. എഫ്‌സിആര്‍എ പോലുള്ള വിഷയങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരുമ്പോഴും ബന്ധപ്പെട്ടവരുടെ ആശങ്കകള്‍ അകറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives