ഇന്നു ശിശുദിനം. ഭാരതശില്പി എന്നറിയപ്പെടുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ശിശുദിനാചരണം നവംബര്‍ 20നാണ്.
നെഹ്‌റുവിന് കുട്ടികളോടുള്ള പ്രതിപത്തി സുവിദിതമാണ്. ഉന്നത പദവിയില്‍ ഇരിക്കുമ്പോഴും അദ്ദേഹം കുട്ടികളുടെ മുന്നില്‍ ചാച്ചാ നെഹ്‌റുവായി. 'നെഹ്‌റു അമ്മാവന്‍' എന്നു വേണമെങ്കില്‍ മലയാളത്തില്‍ വിളിക്കാം. അതൊരു അടുപ്പത്തിന്റെ, നിഷ്‌കളങ്കതയുടെ വിളിപ്പേരാണ്. കുട്ടികളുമായി സമയം ചെലവിടുന്നത് നെഹ്‌റുവിന് ഏറെ ഏറെ ഇഷ്ടമായിരുന്നു.സ്‌നേഹവും പരിചരണവും മാത്രമല്ല, മികച്ച വിദ്യാഭ്യാസവും അവസരങ്ങളും രാജ്യത്തെ ഓരോ കുട്ടിക്കും ലഭിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അതിനായി യത്‌നിച്ചു.
നല്ലൊരു വായനക്കാരനും എഴുത്തുകാരനും കൂടിയായിരുന്നു നെഹ്‌റു. ഇന്ത്യാ ചരിത്രത്തിന്റെ ഏടുകള്‍ പലതും അദ്ദേഹം നമുക്കു സമ്മാനിച്ചു. അതിലൂടെ ഓരോ ഇന്ത്യക്കാരനും ഈ രാജ്യത്തെ കണ്ടെത്താനുള്ള അവസരം ഒരുക്കി. തന്റെ പുത്രിയായ ഇന്ദിരയ്ക്ക് അയച്ച കത്തുകളുടെ സമാഹാരം ഒരു അച്ഛന്റെ പുത്രീവാത്സല്യം മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. അത് രാജ്യത്തെ ഓരോ കുട്ടികളോടുമുള്ള സംഭാഷണം കൂടിയാണ്.
വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വളര്‍ച്ച എന്നിവയാണ് ആധുനിക ഇന്ത്യയുടെ അടിസ്ഥാനമാകേണ്ടതെന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ആദ്യ പ്രധാനമന്ത്രി എന്ന നിലയില്‍ ആരംഭിച്ച പല പദ്ധതികളും ആ സ്വപ്‌ന സാക്ഷാത്കാരത്തിനുളള അടിത്തറയായി. ലോക സമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു.
രാഷ്ട്രപിതാവിനെയും രാഷ്ട്രശില്പിയെയുമൊക്കെ ഇകഴ്ത്തിക്കാട്ടാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്ന കാലമാണിത്. പഴയ കഥകളുടെ പുതിയ വ്യാഖ്യാനങ്ങളുമായി സമൂഹമാധ്യമങ്ങളിലുടെയും മറ്റും പലരും ഈ തേജോവധത്തിന് എരിവു പകരുന്നുണ്ട്. എത്രമാത്രം വളച്ചൊടിച്ചാലും ചരിത്രസത്യങ്ങളുടെ ആധികാരികത തെളിഞ്ഞുതന്നെ വരും.
കുട്ടികള്‍ക്കു കൂടുതല്‍ പരിഗണന ലഭിക്കുന്ന കാലമാണിത്. പക്ഷേ അമിത പരിഗണന അപകടത്തിലേക്കുള്ള വഴികളും തുറക്കുന്നു. ആഗോളതലത്തില്‍ ഇപ്പോഴും കുട്ടികള്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്ന കുട്ടികളുട ചിത്രങ്ങള്‍ വിവിധ ലോകരാജ്യങ്ങളില്‍നിന്നുവരുന്നു.
കുട്ടിക്കുറ്റവാളികളുടെ എണ്ണം പെരുകുന്നതും കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതും കേരളീയ സമൂഹത്തിലും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ നടന്ന, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെട്ട ചില കൊലപാതകക്കേസുകള്‍ നമ്മെ ആശങ്കപ്പെടുത്തുന്നു.
18 വയസില്‍ താഴെപ്രായമുള്ളവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നിയമനടപടികള്‍ക്കു പരിമിതിയുണ്ട്. ഇതു മുതലെടുത്തു രക്ഷപ്പെടുന്നവരും ഏറെ. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കാക്കുമ്പോള്‍ അവര്‍ക്കു ലഭിക്കുന്ന സംരക്ഷണ പദവിയില്‍ മാറ്റം വരുത്തണമെന്ന ചിന്തയും ഉയര്‍ന്നിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നു.
ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കുട്ടികള്‍ കുറ്റാരോപിതരായ 29,768 കേസുകളാണ് 2020ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2024ല്‍ അത് 34,879 ആയി. നാലു വര്‍ഷത്തിനിടെ 17 ശതമാനം വര്‍ധന. കേരളത്തില്‍ ഇത് ഇരട്ടിയോളമായി.
അധ്യാപകരോടോ കൂട്ടുകാരോടോ ഒക്കെയുള്ള വിരോധം തീര്‍ക്കാന്‍ വ്യാജപരാതി നല്‍കി അവരെ കുടുക്കുന്ന കുട്ടികളും കേരളത്തില്‍ അപൂര്‍വമല്ലാതായിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍ അത്തരമൊരുകേസില്‍ അധ്യാപകന് 22 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നു. താന്‍ വെറുതെ പറഞ്ഞതാണെന്നു കുട്ടിതന്നെ പിന്നീടു വെളിപ്പെടുത്തി. പോക്‌സോ നിയമം ദുരുപയോഗിക്കുന്നതിനെ സുപ്രീംകോടതി ഈയിടെ നിശിതമായി വിമര്‍ശിച്ചിരുന്നു. അച്ഛനെ പ്രതിയാക്കാന്‍ അമ്മ കുട്ടിയെ ഉപയോഗിച്ച കേസിലായിരുന്നു സുപ്രീംകോടതിയുടെ ഈ വിമര്‍ശനം.
14 വര്‍ഷം മുമ്പ് ഇതുപോലൊരു ശിശുദിനത്തിലാണ് ഇന്ത്യയില്‍ പോക്‌സോനിയമം നിലവില്‍ വന്നത്. 18വയസില്‍ താഴെ പ്രായമുള്ളവരെയാണ് ഈ നിയമപ്രകാരം കുട്ടികളായി കണക്കാക്കുന്നത്. ബാലാവകാശ നിയമത്തിലും ഈ പരിരക്ഷയുണ്ട്. കുട്ടികളുടെ ഉയര്‍ന്ന പ്രായം പതിനാറു വയസായി കുറയ്ക്കാന്‍ നിയമഭേദഗതി ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേരള ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെടുകയുയണ്ടായി. 16 വയസ് എത്തുമ്പോള്‍ കുട്ടികള്‍ മതിയായ പക്വത നേടുന്നുണ്ടെന്നാണ് ഇപ്പോഴത്തെ പ്രവണത വ്യക്തമാക്കുന്നതെന്ന ജസ്റ്റീസ് എ. ബദറുദ്ദീന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ജയിലുകളില്‍ അമ്മമാര്‍ക്കൊപ്പം കഴിയുന്ന ആറുവയസില്‍ താഴെയുള്ള എട്ട് കുഞ്ഞുങ്ങള്‍ ഉണ്ട്. ഇവരില്‍ ചിലര്‍ വിദേശികളുടെ കുഞ്ഞുങ്ങളാണ്. ജാമ്യം ലഭിച്ചിട്ടും ജാമ്യ വ്യവസ്ഥ പാലിക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന രക്ഷിതാക്കളും ഇക്കൂട്ടത്തിലുണ്ട്.
അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തിലെ പൊതുവിദ്യാലയങ്ങളിലും പ്രതിഫലിച്ചു തുടങ്ങി. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇതര സംസ്ഥാനക്കാരായ 24,525 കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 336 കുട്ടികളും കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്നു. ഇതില്‍ 332പേരും നേപ്പാളില്‍ നിന്നുള്ളവരാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്‌സ വിഭാഗം തയാറാക്കിയ കണക്കിലാണിത്.
കുട്ടികളിലെ കുറ്റവാളികളെക്കുറിച്ചു മാത്രമല്ല, കുട്ടികളിലെ പ്രതിഭകളെക്കുറിച്ചും നാം ചിന്തിക്കണം. കലാ കായിക രംഗത്ത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നഎത്രയോ കുട്ടികളാണ് ഉള്ളത്. ഇപ്പോള്‍ നടന്നുവരുന്ന സ്‌കൂള്‍ കലോത്സവങ്ങള്‍ മാത്രമെടുത്താല്‍ മതി ഈ പ്രതിഭയുടെ തെളിമ അറിയാന്‍. പക്ഷേ ഇവരെയൊക്കെ തേച്ചുമിനുക്കി എടുക്കാന്‍ കഴിയണം. അതിനുള്ള അവസരങ്ങള്‍ ഒരുക്കണം.
കൊച്ചി ഇടപ്പള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പതിനേഴുകാന്‍ റൗള്‍ ജോണ്‍ അജുവിന്റെ വിജയഗാഥയും ഈ ശിശുദിനത്തില്‍ നാംകേട്ടു. രണ്ടു എഐ കമ്പനികളുടെ ഉടമ. ഐഐടി യില്‍ വരെ ക്ലാസെടുക്കുന്ന മിടുക്കന്‍. റഷ്യന്‍ മന്ത്രിമാര്‍ക്ക് എഐയെക്കുറിച്ചു ക്ലാസെടുക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നു റൗളിന്. പതിനഞ്ചിലേറെ എഐ ടൂളുകള്‍ വികസിപ്പിച്ച റൗള്‍ ഇതിനോടകം അഞ്ചുലക്ഷത്തോളം പേര്‍ക്കു റൗള്‍ പരിശീലനം നല്കിക്കഴിഞ്ഞു.
എത്രയോ റൗളുമാര്‍ നമ്മുടെ ഇടയിലുണ്ടാകും. അവരെയൊക്കെ കണ്ടെത്തണം. വഴിതെറ്റിപ്പോകുന്ന അപൂര്‍വം ചിലരാവും പൊതുബോധത്തെ സ്വാധീനിക്കുക. അതല്ല, നമ്മുടെ കുട്ടികള്‍ പൊതുവേ നല്ലവരാണ്. അവര്‍ക്കു വഴി തെറ്റുന്നുവെങ്കില്‍ അതിനു പ്രധാന കാരണം അവരെ നേര്‍വഴിക്കു നയിക്കാന്‍ നമുക്കു കഴിയാതെ പോകുന്നതു തന്നെയല്ലേ.
നന്ദി, നമസ്‌കാരം.
രചന:സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives