എന്താണ് മാധ്യമ പ്രവര്‍ത്തനം? ആരാണ് മാധ്യമപ്രവര്‍ത്തകര്‍? എന്തൊക്കെ അവകാശങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉളളത്? എന്താണ് അവരുടെ ഉത്തരവാദിത്വങ്ങള്‍? ഇതെക്കുറിച്ചെല്ലാം നിരന്തരം ചര്‍ച്ച നടക്കാറുണ്ട്. ജനാധിപത്യ രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ക്ക് അലിഖിതവും അപ്രഖ്യാപിതവുമായ പല അവകാശങ്ങളും സ്വാതന്ത്ര്യവും എന്നും ലഭ്യമാകാറുണ്ട്. എന്നാല്‍ അവിടെയും വലിയ മാധ്യമ സ്വാതന്ത്ര്യധ്വംസനം നടക്കുന്നു. ഇതെക്കുറിച്ചൊക്കെ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ആരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്നതിനക്കുറിച്ച് ഇ്ന്നലെ സുപ്രീകോടതി ഒരു നിരീക്ഷണം നടത്തി. സ്വയം പ്രഖ്യാപനത്തിലൂടെ മാധ്യമപ്രവര്‍ത്തകരെന്ന് അവകാശപ്പെടാന്‍ ആവില്ലെന്നും അവരുടെ അംഗീകാരത്തിന് സംവിധാനങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വയം മാധ്യമ പ്രവര്‍ത്തകരെന്ന അവകാശപ്പെടുന്നവര്‍ക്ക് അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അതേ പരിരക്ഷ ലഭിക്കണമെന്നില്ലെന്നും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കും വേണ്ടി എക്കാലവും മുന്‍നിരയില്‍നിന്നു പോരാടിയിട്ടുള്ള കേരള പത്രപ്രവര്‍ത്തക യൂണയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഡിവിഷന്‍ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി ശ്രദ്ധേയമായ ഈ പരാമര്‍ശം നടത്തിയത്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹയില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ ഏഴു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ഉണ്ടായ പോലീസ് അതിക്രമത്തിനെതിരേയായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം പ്രത്യേക അന്വേഷണസമിതി പരിശോധിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു.
വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന പോലീസ് നടപടികളെക്കുറിച്ചു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. വനിതകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കുനേരേ അക്രമവും അപമാനകമായ പ്രവൃത്തികളും അരങ്ങേറി. തുടര്‍ന്നാണ് ജസ്റ്റീസ് സുഭാഷ് റെഡ്ഢി അധ്യക്ഷനായി പ്രത്യേക് സമിതി രൂപീകരിച്ചത്.
മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന അഭിപ്രായവും സുപ്രീംകോടിതി പ്രകടിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യക്ക് ഇത്തരമൊരു വ്യക്തത തീര്‍ത്തും ആവശ്യമായിരിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചു പ്രത്യക്ഷമായൊരു പരാമര്‍ശം നമ്മുടെ ഭരണഘടയില്‍ ഇല്ലെങ്കിലും ഭരണഘടനയുടെ 19(1) എ യുടെ പൊതു പരിഗണനയാണ് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടന നല്‍കുന്ന ഈ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം എക്കാലവു മാധ്യമസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ ഐക്യം, രാജ്യസുരക്ഷ, പൊതു ധാര്‍മികത, മാന്യത, അപകീര്‍ത്തികരമായ കാര്യങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് മാധ്യമ സ്വാതന്ത്യ കേസുകളില്‍ കോടതി തീരുമാനങ്ങള്‍ എടുക്കുന്നത്. അച്ചടി മാധ്യമങ്ങളുടെ കാലത്തുതന്നെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിച്ച് മാധ്യമ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കന്നതിനു രാജ്യത്തെ ഭരണകൂടം ശ്രദ്ധിച്ചിരുന്നു. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ സജീവമായപ്പോഴും ആ സംരക്ഷം തുടര്‍ന്നു. പിന്നീടും തത്തുല്യമായ പല നിയമനിര്‍മാണങ്ങളും ഉണ്ടായി.
സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പബ്ലിക് റിലേഷന്‍സ് വകപ്പിലൂടെ അക്രഡിറ്റേഷന്‍ എടുത്തിട്ടുള്ള മാധ്യമപ്രവര്‍ത്തകരുണ്ട്. അതുപക്ഷേ പരിമിതമായി മാത്രമേ നല്‍കാറുള്ളൂ. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടേതായ അംഗീകാര സംവിധാനങ്ങളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിന്റെയൊക്കെ ആധികാരികത വ്യക്തമാകേണ്ടിയിരിക്കുന്നു.
2005ല വിവരാവകാശ നിയമം മാധ്യമസ്വാതന്ത്ര്യമുള്‍പ്പെടെ വിവിധ മേഖലകളിലെ തുറന്ന സമീപനത്തിനുള്ള വലിയൊരു വാതായനമായിരുന്നു. ആധുനിക സാങ്കേതിവിദ്യ സജീവമായതോടെ ആ മേഖലയിലും ചില നിയമനിര്‍മാണങ്ങള്‍ ഉണ്ടായി. 2023ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട്, ഡിജിറ്റള്‍ പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ആക്ട് എ്ന്നിവയൊക്കെ മാധ്യമരംഗത്തെയും ബാധിക്കുന്നതായിരുന്നു.
ഇതൊേെക്കയാണെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആഗോള സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിറകിലാണ്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന ആഗോള മാധ്യമ കൂട്ടായ്മയുടെ റിപ്പോര്‍ട്ട് പ്രകാരം 2026ല മാധ്യമ സ്വാതന്ത്ര്യ സൂചിക പ്രകാരം പഠന വിധേയമായ 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 157-ാമതാണ്. 2025ലെ 151 -ാം സ്ഥാനത്തുനിന്നാണ് ഈ താഴേക്കുപോകല്‍. എന്തൊക്കെ അവകാശവാദങ്ങള്‍ നിരത്തിയാലും ഇതാണ് അവസ്ഥ. ഇന്ത്യയിലെ മാധ്യ്മപ്രവര്‍ത്തനത്തിന്റെ അവസ്ഥ 'വളരെ ഗുരുതരം' എന്ന കാറ്റഗറിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനും ബംഗ്ലാദേശും നമ്മേക്കാല്‍ അല്പം മുകളിലാണെന്നു മാത്രം. പാക്കിസ്ഥാന്‍ 153-ാമതും ബഗ്ല്ാദേശ് 152-ാമതുംആണ്. ദക്ഷിണേഷ്യയില്‍ 87-ാം സ്ഥാനവുമായ നേപ്പാള്‍ മുന്നിലുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്റെകാര്യത്തില്‍ 178-ാം സ്ഥാനവുമായി ചൈന ഏറെ പിന്നിലായി നിലകൊള്ളുന്നു.
മാധ്യമ സ്വാതന്ത്ര്യത്തെയും മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികളെയും രണ്ടായി കാണാനാവില്ല. സ്വതന്ത്ര്യവും നീതിപൂര്‍വകവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മാധ്യമപ്രവര്‍ത്തകരുടെ കൈകള്‍ ബന്ധിതമാവാന്‍ പാടില്ല. ഇവിടെ ഭരണകൂടം മാത്രമല്ല, മറ്റു പല അധികാരസ്ഥാനങ്ങളും ഈ ബന്ധനത്തിന് ചരടുകള്‍ മുറുക്കുന്നു.
പുതുയുഗ മാധ്യമപ്രവര്‍ത്തനത്തില്‍ യഥാര്‍ഥ് മാധ്യമ പ്രവര്‍ത്തകരെ എങ്ങിനെ തിരിച്ചറിയും എ്ന്ന പ്രശ്‌നമുണ്ട്. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടെന്നു പറയുന്നതുപോലെ ഒരു മൊബൈല്‍ ഉണ്ടെങ്കില്‍ ആര്‍ക്കും മാധ്യമപ്രവര്‍ത്തകരനാകാം എ്ന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ചില റീലുകളും വീഡിയോകളും ഏറെ ആളുകളെ ആകര്‍ഷിക്കും. സമൂഹ മാധ്യമങ്ങളില്‍ റീലുകല്‍ ഇടുന്നവരും കണ്ടന്റ് ്ക്രിയേറ്റേഴ്‌സുമൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സംരക്ഷണത്തിന് അര്‍ഹരാണോ എന്ന പ്രശ്‌നം ഉയരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആശയ സംവേദനത്തിന്റെയും വിശാലമായ അര്‍ഥത്തില്‍ അതൊരു കീറാമുട്ടിയായി മാറിയിരിക്കുന്നു. സംഘര്‍ഷമുണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ പോലീസിനും നിയമപാലന സംവിധാനങ്ങള്‍ക്കും വ്യക്തമായ നിലപാടുകള്‍ എടുക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ട്.
ഭരണതലത്തിലുള്ളവര്‍പോലും ഇപ്പോള്‍ പരമ്പരാഗത മാധ്യമങ്ങളെക്കാളേറെ പ്രതിപത്തി സമൂഹ മാധ്യമങ്ങളോടു പ്രകടിപ്പിക്കുന്നുണ്ട്. കൂടുതല്‍ റീച്ച് ഉള്ളത് ഏതെന്നതാണ് എല്ലാവരുടെയും നോട്ടം. മുമ്പ് പ്രചാരം കൂടുതലുള്ള പത്രങ്ങളില്‍ വാര്‍ത്തവരാന്‍ ശ്രമിച്ചവര്‍ ഇന്ന് കൂടുതല്‍ കാണികളുള്ള, കൂടുതല്‍ ലൈക്കും കമന്റും കിട്ടുന്ന നവമാധ്യമങ്ങളുടെ പിറകേ പോകും. അവിടെ വസ്തുതകള്‍ക്കും സത്യത്തിനും വിലയിടിയും. സമീപകാലത്ത് ലോകത്തെ വിവിധ രാജ്യങ്ങളില്‍ അരങ്ങേറിയ വിദ്യാര്‍ഥി യുവജന പ്രക്ഷോഭത്തിന് നവമാധ്യമ സംസ്‌കാരം വലിയ ഉത്തേജനമാണു നല്‍കിയത്. വരും കാലങ്ങളിലും അതിന്റെ കരുത്ത് കൂടുകതന്നെ ചെയ്യും. അതുകൂടി കണ്ടുകൊണ്ടുവേണം സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ രൂപപ്പെടേണ്ടത്.
നന്ദി, നമസ്‌കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives