പാലക്കാട് തൃത്താല പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്‍പതാം ക്ലാസുകാരന് സ്കൂളില്‍ കൊണ്ടുവന്ന നാടന്‍ തോക്കില്‍ നിന്നു വെടി പൊട്ടി സഹപാഠിക്കു പരിക്കേറ്റ സംഭവം വലിയൊരു അപായ സൂചന നല്‍കുന്നുണ്ട്. കേരളത്തില്‍ ഇതൊക്കെ നടക്കുമോയെന്നു നാം സംശയിച്ചേക്കാം. മാറ്റത്തിന്റെ കാറ്റ് ഇങ്ങിനെയും വീശുന്നുണ്ട്.
അമേരിക്കയില്‍ സ്കൂള്‍ കുട്ടികള്‍ തോക്ക് ഉപയോഗിച്ച് ക്ലാസ് മുറികളില്‍ കൂട്ടക്കൊല നടത്തുന്നതിന്റെ വാര്‍ത്തകള്‍ നാം പലപ്പോഴും കേള്‍ക്കാറുണ്ട്. തോക്ക് ഉപയോഗിക്കുന്നതില്‍ വളരെ ഉദാരമായ നിയമങ്ങളാണ് അമേരിക്കയിലുള്ളത്. അതെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഇപ്പോഴും തുടരുന്നു.
തോക്കും വെടിയുണ്ടകളുമായി കൗമാരക്കാരനായ വിദ്യാര്‍ഥി കേരളത്തിലെ ഒരു സ്കൂളില്‍ വരണമെങ്കില്‍ ആ കുട്ടിയുടെ വീട്ടിലെ സാഹചര്യം വിലയിരുത്തപ്പെടേണ്ടതുണ്ട്. വീട്ടിലെ അലമാരയില്‍നിന്നു കിട്ടിയ തോക്ക് കൂട്ടുകാരെ കാണിക്കാന്‍ കൊണ്ടുവന്നതാണെന്നു വിദ്യാര്‍ഥി പറയുന്നു. വെടയുണ്ട തോക്കില്‍ ഇല്ലെന്നു കരുതിയാണ് കാഞ്ചി വലിച്ചതെന്നു കുട്ടിപറയുന്നുണ്ടെങ്കിലും മുന്നു തവണ വെടി ഉതിര്‍ത്തിട്ടുണ്ട്. സഹപാഠിയുടെ തോളെല്ലിനു സമീപം തുളച്ചുകയറിയ വെടിയുണ്ട പിന്നീട് ശസ്ത്രക്രിയയിലൂടെ നീക്കി. നിസാരമായി കാണാനാവുന്നതല്ല ഈ സംഭവം.
നാടന്‍ തോക്കാണെന്നു പറയുമ്പോഴും പതനൊന്ന് റൗണ്ട് വെടിവയ്ക്കാനുള്ള ശേഷി ഈ തോക്കിന് ഉണ്ടെന്നു മനസിലാക്കണം. ലൈസന്‍സ് ഇല്ലാതെയാണ് ഈ തോക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരേ തൃത്ത്ാല പോലീസ് കേസ് എടുത്തിട്ടുണ്ട്.
രക്ഷിതാക്കളുടെ ഉത്തരവാദിത്വമില്ലായ്മ, അധ്യാപകരുടെ അശ്രദ്ധ തുടങ്ങി പല വിഷയങ്ങളും ഇതോടു ചേര്‍ന്നു ചര്‍ച്ച ചെയ്യപ്പെടണം. ഉത്തരവാദിത്വമുള്ള പേരന്റിംഗിനെക്കുറിച്ച് അടുത്തകാലത്ത് ഏറെ ചര്‍ച്ച നടന്നിരുന്നു. കാക്കനാട്ട് മൂന്നു പേരുടെ മരണത്തിനിടയാക്കിയ 23 കാരന്റെ അപകടകരമായ ഡ്രൈവിംഗ്, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള 18 വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ആഡംബരം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി പൊതുനിരത്തില്‍ അഭ്യാസ പ്രകടനം നടത്തുന്ന കുട്ടികള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളള്‍ ഇവയൊക്കെ അടുത്തകാലത്ത് വലിയ ആശങ്ക ഉളവാക്കിയ സംഭവങ്ങളാണ്.
മൂന്നു പേരുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ വാഹനമോടിച്ച യുവാവ് പറഞ്ഞത് ബാക്കി കാര്യമൊക്കെ തന്റെ പിതാവ് നോക്കിക്കൊള്ളുമെന്നാണ്. അപകടകരമായ ഡ്രൈവിംഗിലൂടെ അപരന്റെ ജീവന് എടുത്താലും പണവും സ്വാധീനവുമുള്ള രക്ഷിതാക്കള്‍ തങ്ങളെ രക്ഷിച്ചുകൊള്ളുമെന്ന ചിന്ത കുട്ടികളില്‍ വളര്‍ന്നു വരുന്നു. അതേസമയം രക്ഷിതാക്കള്‍ അറിയാതെ കൗമാരക്കാര്‍ കൊടിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കേസുകളും വര്‍ധിച്ചുവരുന്നു.
ആലപ്പുഴയില്‍ കൗമാരക്കാരായ നാലുപേര്‍ ചേര്‍ന്ന ഒരു മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവവും കുട്ടികളുടെ ഇടയിലെ കുറ്റകൃത്യ പ്രവണതയുടെ ഗുരുതരമായ സ്ഥിതി വ്യക്തമാക്കുന്നു. പതിനെട്ടു വയസുവരെ പ്രായമുള്ളവര്‍ക്ക് നല്കുന്ന നിയമപരമായ സംരക്ഷണത്തില്‍ മാറ്റം വരുത്തണമെന്ന ചിന്തയും ഇതോടെ പ്രബലമായിട്ടുണ്ട്. കൊടുംക്രൂരതകളിലും അത്യന്തം അപകടകരമായ ട്രാഫിക്നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പ്രായത്തിന്റ പരിഗണന നല്കേണ്ടതില്ലെന്നൊരു അഭിപ്രായം നീതിപീഠങ്ങളില്‍നിന്നും ഉണ്ടായിട്ടുണ്ട്.
ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസ് പ്രകാരം 2023ലും 2024ലും മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടികല് ഉള്‍പ്പെട്ട 645 റോഡ് അപകടങ്ങളാണ് ഉണ്ടായത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ ദേശീയ തലത്തില്‍ കേരളം ഒമ്പതാമതാണ്. പോലീസ് റിക്കാര്‍ഡുകള്‍ പ്രകാരം കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 49,889 റോഡ് അപകടങ്ങളാണ് ഉണ്ടായത്. 3,731 പേര് വിവിധ അപകടങ്ങളില്‍ കൊല്ലപ്പെട്ടു. കാല്‍നട യാത്രക്കാരും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ് കൂടുതലായും അപകടത്തില്‍പെടുന്നത്. സ്കൂളുകളോട് അനുബന്ധിച്ച് പ്രത്യേക അപകടമേഖലയായി കണക്കാക്കുന്ന സ്ഥലങ്ങളിലും അപകടങ്ങള്‍ കുറവല്ല.
റോഡ് മര്യാദകള്‍ പാലിക്കുന്നതില്‍ മലയാളി പൊതുവേ വളരെ പിന്നിലാണ്. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ധാരാളം മലയാളികള്‍ ഉണ്ടങ്കിലും അവിടുത്തെ റോഡ് നിയമപാലനരീതികള് നാട്ടില്‍വരുമ്പോള്‍ നാം തീര്‍ത്തും മറന്നുപോകുന്നു.
വാഹനമോടിച്ച് അപകടം വരുത്തിവയ്ക്കുന്ന കുട്ടികളുടെ കൈയില്‍ തോക്കുകൂടി എത്തിയാല്‍ എന്താവും സ്ഥിതി. അത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. കുട്ടികളുടെ കൈയില്‍ തോക്ക് ലഭ്യമാകുന്നുവെങ്കില്‍ അതിന് മാതാപിതാക്കള്‍ തന്നെയാണ് പ്രഥമവും പ്രധാനവും ഉത്തരവാദി.
നാടന്‍ തോക്ക് നിര്‍മാണവും അനധികൃതമായി തോക്ക് കൈവശം വയ്ക്കുന്നതും കര്‍ശനമായി തടയേണ്ടതുണ്ട്. 1959ലെ ആയുധനിയമപ്രകാരം ലൈസന്‍സില്ലാതെ നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. എന്നിരുന്നാലും ഇത്തരം പല കേസുകളും കേരളത്തില്‍ അപൂര്‍വമല്ല. വിദേശത്തുനിന്നുള്‍പ്പെടെ തോക്കുകള്‍ കേരളത്തിലേക്കു കടത്തുന്നുണ്ട്.
രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 11 എയര്‍ റൈഫിളുകള്‍ ഇന്നലെ രാവിലെ 11 മണിക്ക് ദുബായില്‍നിന്നുവന്ന വിമാനത്തിലെ യാത്രക്കാരില്‍നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയിരുന്നു. റൈഫിളുകളുടെ ഭാഗങ്ങള്‍ പല ബാഗുകളിലായി കടത്തിക്കൊണ്ടു വരാനായിരുന്നുശ്രമം. പാലക്കാട് സ്വദേശികളായ സിജോയ്, രമേശ് എന്നിവരാണ് തോക്കുകടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സാരമായ പരിക്കേല്പ്പി്ക്കാന് ശേഷിയുള്ളതാണീ തോക്കുകള്‍. പോലീസ്
ഫോരന്സിക് ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പിടിച്ചെടുത്ത തോക്കുകള്‍. വിള സംരക്ഷണത്തിനും വന്യജീവി ശല്യത്തില്‍ നിന്നു രക്ഷപ്പെടുന്നതിനും വനമേഖലയോടു ചേര്‍ന്നു ജീവിക്കുന്നവര്‍ തോക്ക് ഉപയോഗിക്കാറുണ്ട്. ലൈസന്സുണ്ടെങ്കില്പോലും ഇവര്‍ കടുത്ത പരിശോധനയുടെ നിഴലിലാണ്. അതേസമയം ദുരൂഹമായ സാഹചര്യങ്ങളില്‍ വിദേശത്തുനിന്നുവരെ അപകടം കുറഞ്ഞതെന്ന വ്യാജേന തോക്കുകള്‍ കടത്തിക്കൊണ്ടുവരുന്നത് വര്‍ധിച്ചുവരികയും ചെയ്യുന്നു.
പ്രഹരശേഷി കൂടിയ ആയിരം സെമി ഓട്ടോമാറ്റിക് റൈഫിളുകള്‍ കേരളത്തിലേക്കു കടത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് 2017 സെപ്റ്റംബറില്‍ വിശദമായൊരു മാധ്യമ റിപ്പോര്‍ട്ട് വന്നിരുന്നു. മഹാരാഷ്ട്ര പോലീസ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ സഹകരണത്തോടെ കേരളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.
ലഹരി ഇടപാടുകള്‍ പോലെ ആയുധ ഇടപാടുകളും രാജ്യത്ത് വ്യാപകമായി നടക്കുന്നുണ്ട്. രാജ്യസുരക്ഷയെയും ജനങ്ങളുടെ സമാധാന ജീവിതത്തെയും ഒരുപോലെ വെല്ലുവിളിക്കുന്നതാണീ സാഹചര്യം. അതിലേറെ ആശങ്ക ഉണര്‍ത്തുന്നതാണ് അമേരിക്കയിലേതുപോലെ നമ്മുടെ സ്കുള്‍കുട്ടികള്‍ തോക്കുമായി കാമ്പസുകളിലും ക്ലാസ് മുറികളിലും എത്തുന്നത്. ആയുധ ഉപയോഗവും അക്രമവും കുട്ടികളില്‍ വീരപരിവേഷം നല്കുമ്പോള് അപകടം കണ്മുന്നില് തന്നെയുണ്ട്.
നന്ദി, നമസ്കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives