Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 23, 2026 Community Blog

വാര്‍ത്താവീക്ഷണം

  • വില കൊടുത്തു കെടുത്തുന്ന സൗന്ദര്യം

 ജീവന്‍ രക്ഷാ മരുന്നുകളും സൗന്ദര്യ വര്‍ധനയ്ക്കുപയോഗിക്കുന്ന വസ്തുക്കളും മനുഷ്യരുടെ ജീവനുതന്നെ ഹാനികരമാകുന്നതിന്റെ അത്യന്തം ആശങ്ക ജനിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മരുന്നു കച്ചവടം സഹസ്രകോടികളുടെ ഇടപാടാണ്. ആഗോള കോര്‍പറേറ്റ് ഭീമന്മാരാണ് പ്രധാനമായം അതിനു പിന്നില്‍. കോസ്‌മെറ്റിക് വസ്തുക്കളുടെ വിപണനരംഗം മരുന്നു ക്ച്ചവടത്തെയും കടത്തിവെട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.

ഫേസ് ക്രീമുകള്‍ ഉള്‍പ്പെടെ സാധാരണക്കാര്‍പോലും വാങ്ങിത്തേക്കുന്ന സൗന്ദര്യ സംവര്‍ധക വസ്തുക്കള്‍ ആരോഗ്യത്തിനു മാത്രമല്ല, ജീവനുപോലും ഹാനികരമാകുന്നതിന്റെ കഥകളാണ് പുറത്തുവരുന്നത്. ആഗോളതലത്തില്‍ ഇത്തരം പല കേസുകളും മുമ്പു വന്നിട്ടുണ്ടെങ്കിലും കേരളത്തിലും അതിന്റെ പ്രതികരണങ്ങള്‍ വന്നുതുടങ്ങുന്നതേയൂളളൂ.

പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനായ സലിം കോടത്തൂര്‍ തനിക്കുണ്ടായ അനുഭവം പുറത്തുപറഞ്ഞതോടെയാണ് കേരളത്തില്‍ ഈ വിപത്തിനെക്കുറിച്ചു കുറെയൊക്കെ ബോധ്യം വന്നുതുടങ്ങിയിരിക്കുന്നത്. പത്തുവര്‍ഷം മുമ്പ് ഫേസ് ക്രീം ഉപയോഗിച്ചു തുടങ്ങിയതാണ് സലിം. സ്‌റ്റേജ് ഷോകളിലും മറ്റും അല്പം ഗ്ലാമര്‍ കൂടുന്നതിനാണ് ഇതൊക്കെ ഉപയോഗിച്ചത്. പിന്നീട് നിരവധിയായ ശാരീരിക ബുദ്ധിമുട്ടുകളിലൂടെകടന്നുപോകേണ്ടിവന്ന ഈ ഗായകന്‍ ഇപ്പോഴും അതില്‍നിന്നു മുക്തനായിട്ടില്ല. വൃക്കരോഗം കണ്ടെത്ത് അതിന്റെ ചികിത്സതയീലുടെ കടന്നു പോവുകയാണ്.

പതിനേഴു വയസുകാരിക്ക് വൃക്കരോഗം ബാധിച്ചതുമായി ബന്ധിപ്പെട്ട് മലപ്പുറം അരീക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് കേരളത്തിലും ഇത്തരം സംഭവങ്ങള്‍ അപൂര്‍മല്ലാതായിരിക്കുന്നു എ്ന്നതിന്റെ ഉദാഹരണം തന്നെ. ഓണ്‍ലൈന്‍ വഴി വാങ്ങിയ ഫേസ് ക്രീം ഉപയോഗിച്ചാണ് ഈ പെണ്‍കുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ഉണ്ടായതെന്നാണ് പരാതി. അനുവദനീയമായ അളവിന്റെ 12,500 ഇരട്ടി മെര്‍ക്കുറി ക്രീമില്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പലതിന്റെയും ഉള്ളടക്കം ഉപയോഗിക്കുന്ന ആളുകള്‍ ശ്രദ്ധിക്കാറേ ഇല്ല.

കൂടിയ അളവില്‍ മെര്‍ക്കുറി ചേര്‍ക്കുന്ന സൗന്ദര്യ സംവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചാല്‍ അത് പെട്ടെന്നു തൊലിപ്പുറത്തു ചെറിയ മാറ്റങ്ങള്‍ ഉളവാക്കാം. എന്നാല്‍ അത് തൊലിക്കുള്ളിലൂടെ രക്തത്തിലേക്കുകടന്ന് വൃക്കയുടെ പ്രവര്‍ത്തനത്തെ വരെ പീന്നീട് ഗുരുതരമായി ബാധിക്കും. ശരീരത്തില്‍നിന്നു വലിയതോതില്‍ പ്രൊട്ടീന്‍ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിന്‍ഡ്രോമിലേക്ക് ഇതു നയിക്കും. ഏറെ ആശങ്കാജനകമായ കാര്യം ഇത്തരം ഗുരുതരമായ പല കേസുകളും കേരളത്തില്‍ മുമ്പു റിപ്പോര്‍ട്ട് ചെയ്തിട്ടും വേണ്ട നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നതാണ്. മലപ്പുറം ജില്ലയില്‍ മാത്രം ഒരു ഡസനോളം പെണ്‍കുട്ടികള്‍ മൂന്നു വര്‍ഷം മുമ്പുതന്നെ നെഫ്രോട്ടിക് സിന്‍ഡ്രോം കണ്ടെത്തിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചില അനധികൃത സൗന്ദര്യ വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മൂന്നു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി മാധ്യമ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നിട്ടും എന്തു നടപടിയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിച്ചത്. ക്രീമുകള്‍ വാരിത്തേച്ചാന്‍ സൗന്ദര്യം വരില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നു. അത്തരം ക്രീമുകള്‍ വിപണിയില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടത്തിന്‍ ഉത്തരവാദിത്വമില്ലേ?

പണമുണ്ടാക്കാന്‍ എന്തു തന്ത്രവും പ്രയോഗിക്കുന്ന കാലമാണിത്. മരുന്നു കച്ചവടംപോലും അതിനുപയോഗിക്കും. ചില്ലറ ലാഭമല്ല ഇതില്‍നിന്നൊക്കെ കിട്ടുന്നത്. സൗന്ദര്യ വര്‍ധനയ്ക്കുള്ള മരുന്നുകള്‍ക്കും ലേപനങ്ങള്‍ക്കും നല്ല ഡിമാന്‍ഡാണ്. പണ്ടൊക്കെ മെഡിക്കല്‍ സ്റ്റോറുകളിലും പ്രത്യേക ലേഡീസ് സ്റ്റോറുകളിലും മാത്രം ലഭിച്ചിരുന്ന ഈ ക്രീമുകള്‍ക്കും മറ്റുമായി കമനീയമായി തയാറാക്കയിരിക്കുന്നപ്രത്യേക് കടകള്‍ തന്നെ  ഇപ്പോള്‍ ഉണ്ട്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ സെലിബ്രറ്റികള്‍ തങ്ങളുടെ ആരോഗ്യത്തിന്റെയും സൗ്ന്ദര്യത്തിന്റെയും രഹസ്യം എന്ന മട്ടില്‍ ഈ മുരന്നുകളെയും ലേപനങ്ങളെയുമൊക്ക അവതരിപ്പിക്കുമ്പോള്‍ ആരും വീണുപോകും.

തൊലി വൈളുക്കാനുള്ള ലേപനങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ നല്ല ഡിമാന്‍ഡാണ്. മുഖത്തിനു മാത്രമായി പ്രത്യേക്ം തയാറാക്കിയ ലേപനങ്ങള്‍ വാങ്ങിച്ച് മുഖം വികൃതമാക്കേണ്ടതുണ്ടോ എന്നുചിന്തിക്കേണ്ടിയിരിക്കുന്നു. മരുന്നുകളായാലും ഇത്തരം ലേപങ്ങളായാലും വില്ക്കാനോ വാങ്ങാനോ കടുത്ത നിബന്ധനകള്‍ വേണ്ടിയിരിക്കുന്നു.

അടുത്തകാലത്താണ് ആന്റി ബയോട്ടിക്കുകള്‍ വാങ്ങുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മിക്ക മെഡിക്കല്‍ സറ്റോറുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ ശേഷി കുറയുന്നതുള്‍പ്പെടെ മറ്റു പല ഗുരുതര പ്രശ്‌നങ്ങളും ഈ മരുന്നിന്റെ ഉപയോഗം കാരണമാക്കാം. കൃത്യമായ രോഗനിര്‍ണയം നടത്തിഡോക്ടര്‍മാര്‍ നിര്‍ദേശിക്കാതെ ഇതു കഴിക്കരുത്. പരസ്യങ്ങളും പ്രചാരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്. എന്നിട്ടും ഏതെങ്കിലും തരത്തില്‍ മരുന്ന് കൈക്കാലാക്കി സ്വയം ചികിത്സ നടത്തുന്നവരും സ്വന്തമായി രോഗനിര്‍ണയം നടത്തുന്നവരുമൊക്കെ നമ്മടെ ഇടയില്‍ ഇ്‌പ്പോഴും ധാരാളമുണ്ട്. അവരൊക്കെ രോഗവും അപകടവും വിളിച്ചുവരുത്തുകയാണെന്നു മറക്കരുത്.

ഇതിനും പുറമേയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാപകമായ പ്രചാരണം. മികച്ച അവതാരകരെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും രംഗത്തിറിക്കി കച്ചവടം കൊഴുപ്പിക്കുന്നു. തീര്‍ത്തും സാധാരണക്കാരായ ആളുകളെ അവതരിപ്പിച്ചും പ്രമോഷന്‍ നടത്തുന്നവരുണ്ട്. പൊതുവിപണിയില്‍ക്കൂടിയാല്ലെതെ ഓണ്‍ലൈനിലൂടെ നടത്തുന്ന കച്ചവടം നിയന്ത്രിക്കാന്‍ യാതൊരു മാര്‍ഗവുമില്ല എന്ന അവസ്ഥയുമുണ്ട്.

അടുത്ത കാലത്താണ് കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായത്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി നവംബര്‍ 9നു പ്രാബല്യത്തില്‍ വരത്തക്കവിധം  ആയിരത്തിലേറെ ഇനം കാന്‍സര്‍ പ്രതിരോധ മരുന്നുകളിടെ വിലയില്‍ 50 ശതമാനം മുതല്‍ 95 ശതമാനം വരെ കുറച്ചിരുന്നു.

ഗുണമേന്മയില്ലാത്ത മരുന്നുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യരക്ഷാസംവിധാനങ്ങള്‍ പരിമിതമായ രാജ്യങ്ങളാണ് ഇതിനു കൂടുതല്‍ ഇരകാകുന്നതെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളതാണ്. വ്യാജ മരുന്നുകള്‍ ഇന്ത്യയില്‍ വ്യാപകമായി വിറ്റഴിക്കുന്നതിനെക്കുറിച്ച കഴിഞ്ഞ ഡിസംബറില്‍ വിശദമായൊരു റിപ്പോര്‍ട്ട് വന്നിരുന്നു.

ജീവന്‍രക്ഷാ മരുന്നുകളുടെകാര്യത്തില്‍പോലും വന്‍തോതില്‍ തിരിമറി നടക്കുമ്പോള്‍ സൗന്ദര്യ വര്‍ധനയ്ക്കുള്ള ലേപനങ്ങളും മറ്റും പണം കൊയ്യാനുള്ള വലിയ വിപണിയായി മാറുന്നതില്‍ അത്ഭുതമില്ല. ഇവിടെയെല്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഭരണകൂടംതന്നെ. തട്ടിപ്പു നടത്തി പണമുണ്ടാക്കാനും മനുഷ്യജീവന്‍തന്നെ പണയപ്പെടുത്തി ഉപഭോഗ വസ്തുക്കള്‍ നിര്‍ബാധം വിറ്റഴിക്കാനും സാധിക്കുന്നുവെങ്കില്‍ അതു നിയമവാഴ്ച ഉള്ള ഒരു സമൂഹത്തിന് അപമാനമാണ്.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives