കുട്ടികള്‍ ഉള്‍പ്പെടുന്നതും കുട്ടികള്‍ക്ക് എതിരേയുള്ളതുമായ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവരുടെ സ്വഭാവ രൂപീകരണവും സാമൂഹിക ജീവിതവുമൊക്കയായി ബന്ധപ്പെട്ട പല കാര്യങ്ങളും ഗൗരവമായ ചിന്തയ്ക്കു വിഷയീഭവിക്കേണ്ടതുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഏറെശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആരാണ് കുട്ടികള്‍ എന്നും എങ്ങിനെയാണ് അവരുടെ കുട്ടിത്തം വിലയിരുത്തേണ്ടതെന്നുമൊക്കെയുള്ള ചിന്തകള്‍ ഉണ്ടായി. കു്ട്ടികളെക്കുറിച്ചുള്ള ചിന്തകള്‍ കൂടുതല്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് സമൂഹത്തിന്റെ ഗുണപരമായൊരു വശമായി കണക്കാക്കാം.
നാളത്തെ തലമുറയുടെ നിലനില്പും പുരോഗതിയും ഇന്നത്തെ കുട്ടികള്‍ എങ്ങിനെ രൂപപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാവും. നിലവിലെ നിയമപ്രകാരം 18 വയസുവരെപ്രായമുള്ളവരാണ് ജുവനൈല്‍ ജസ്റ്റീസ് അക്ടിന്റെ പരിധിധിയില്‍ വരുന്നവര്‍. ഇത് 16 വയസായി കുറയ്ക്കണമെന്ന ചിന്ത സജീവമാവുകയാണ്. മദ്യം വാങ്ങുന്നതിനും ബാറില്‍ ഇരുന്നു മദ്യപിക്കുന്നതിനും 23 വയസാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും പ്രായം കുറഞ്ഞ പലരും മദ്യംവാങ്ങുന്നതും മദ്യം ഉപയോഗിക്കുന്നതുമൊക്കെ പതിവാണ്. അങ്ങിനെയുള്ള ചിലര്‍ ഈയിടെ പൊതുസമൂഹത്തില്‍ ഗുരുതരമായ ചില പ്രശ്‌നംഉണ്ടാക്കിയപ്പോഴാണ് കുട്ടികള്‍ എന്ന നിലയില്‍ സംരക്ഷണം ലഭിക്കുന്നുവെന്നതിന്റെ ഗൗരവത്തക്കുറിച്ചു ചിന്ത സജീവമായത്. അതോടൊപ്പമോ അതിലുപരിയോ പ്രാധാന്യമുള്ളതാണ് കുട്ടികള്‍ക്കു നല്‍കുന്ന സുരക്ഷ. അതിനു വിവിധ മാനങ്ങളുണ്ട്.
കുട്ടികള്‍ മാതാപിതാക്കളുടെ കളിപ്പാട്ടമല്ലെന്നും അവരുടെ അവകാശ തര്‍ക്കങ്ങളില്‍ കുട്ടികളുടെ ക്ഷേമമാണ് പ്രധാനമെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെടുകയുണ്ടായി. ജനനം മുതല്‍ അമ്മയ്‌ക്കൊപ്പം ജീവിച്ചുവന്നിരുന്ന രണ്ട് ആണ്‍മക്കളെ അച്ഛനു കൈമാറിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. സ്വാഭാവിക രക്ഷിതാവെന്ന കാരണത്താല്‍ മാത്രം കുട്ടികളെ അച്ഛന്റെ സംരക്ഷണയില്‍ വിട്ടുകൊടുക്കാവില്ലെന്നു വിധിച്ച കോടതി കൗമാരക്കാരായ കുട്ടികള്‍ അമ്മയോടൊപ്പം തുടരട്ടെയെന്നും നിര്‍ദേശിച്ചു.
വിവാഹമോചനം, കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍, ആധുനിക ജീവിതരീതികള്‍ എന്നിവ ഏറ്റവും പെട്ടെന്നും ഗുരുതരമായും ബാധിക്കുന്നത് കുട്ടികളെയാണ്. അമ്മമാരുടെ അമിതലാളന ബാല്യകൗമാരങ്ങളെ അപകടകരമായ അവസ്ഥയിലേക്കു കൊണ്ടുപോകുന്ന ചില സംഭവങ്ങളും നാം അടുത്തകാലത്തു കണ്ടു. കൊച്ചി വിമാനത്താവള റോഡില്‍ മൂന്നു പേരുടെ മരണത്തിടയാക്കിയ വാഹനം ഓടിച്ച പത്തൊമ്പതുകാരന് ആ ആഡംബരകാര്‍ വാങ്ങിച്ചു കൊടുത്തത് അവന്റെ അമ്മയാണ്. അതെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.
പാലക്കാട് തൃത്താല പരുതൂര്‍ പള്ളിപ്പുറം സ്‌കൂളിലെ ക്ലാസ് മുറിയില്‍ സഹപാഠിക്കു വെടിയേറ്റ തോക്ക് വീട്ടില്‍നിന്നു കൊണ്ടുവന്ന സംഭവത്തില്‍ ഒമ്പതാം ക്ലാസുകാരന്റെ അമ്മയുടെ പേരിലാണ് ആംസ് ആക്ട് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്നത്. ലൈസന്‍സ് ഇല്ലാത്തതും നിയമപ്രകാരംകൈവശം വയ്ക്കാന്‍ പാടില്ലാത്തതുമായ നാടന്‍ തോക്ക് വീട്ടില്‍ സൂക്ഷിച്ചതിനാണ് കേസ്. അത്തരമൊരു തോക്കാണ് ഒരു കൗമാരക്കാരന്‍ സ്‌കൂളില്‍ കൊണ്ടുവന്നതും വെടി പൊട്ടച്ചതും.
വീടിനുള്ളിലെ അന്തരീക്ഷം കുട്ടികളുടെ വ്യക്തിത്വത്തെ മാത്രമല്ല സാമൂഹിക ജീവിതത്തിലും പ്രതിഫലിക്കും. കുറ്റകൃത്യങ്ങളോടുള്ള മാതാപിതാക്കളുടെ മനോഭാവം കുട്ടികളെയും സ്വാധീനിക്കും. സമ്പത്തിനോടും ആഡംബരത്തോടും അമിതമായ അഭിമുഖ്യം കാട്ടുന്ന രക്ഷിതാക്കള്‍ കുട്ടികളിലേക്കു പകര്‍ന്നു നല്‍കുന്ന സന്ദേശം എന്താവും. കൂട്ടുകാരും സാമഹിക സാഹരചര്യങ്ങളും കുട്ടികളെ വഴിതെറ്റിക്കുമ്പോള്‍ നിസഹായരായി നില്‍ക്കേണ്ടിവരുന്ന മാതാപിതാക്കളുമുണ്ട്. കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട മകന് കടുത്ത ശിക്ഷ നല്‍കണം എന്നു പറഞ്ഞിട്ടുള്ള മാതാക്കളും നമ്മുടെ നാട്ടില്‍ ഉണ്ട്. മാതാപിതാക്കളുടെ ദുര്‍നടത്തമോ ക്രിമിനല്‍ പശ്ചാത്തലമോ മാത്രമല്ല സാമൂഹിക സാഹചര്യങ്ങളും കുട്ടികളുടെ മനസിനെ മാത്രമല്ല, സാമൂഹിക ജീവിതത്തെപ്പോലും സ്വാധീനിക്കും.
അടിയന്തരാവസ്ഥയ്ക്കുശേഷം സ്‌കൂളില്‍ ചെന്നപ്പോള്‍ ആരും തനിക്കൊപ്പമിരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അനുസ്മരിക്കുകയുണ്ടായി. തന്റെ ഏഴാം ജന്മദിനത്തില്‍ ഒരു സുഹൃത്തു മാത്രമാണ് ആശംസ നേര്‍ന്നതെന്നും ആ സൗഹൃദം ഇന്നും നിലനില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. സോണിയാഗാന്ധിയുടെ ആത്മകഥാഗ്രന്ഥമായ 'ബിലോംഗിംഗ് എ ജേണി ഓഫ് ലവ് ' എന്ന പുസ്തത്തെക്കുറിച്ചു സോണിയയും മക്കളും നടത്തിയ ഒരു സംഭാഷണത്തിലാണ് രാഹുല്‍ ഇക്കാര്യം ഓര്‍മിച്ചത്.
കുട്ടികള്‍ മാത്രമല്ല കൗമാരക്കാരും യുവാക്കളും മുതിര്‍ന്നവരുടെ പ്രവൃത്തികളുടെ പ്രതികരണം ഏറ്റുവാങ്ങേണ്ടിവരും. അത് അവരുടെ സ്വാഭാവത്തെയും ജീവിതരീതികളെയും സ്വാധീനിക്കാം. പകയും വിദ്വേഷവും മാത്രമല്ല, ദയയും സൗഹാര്‍ദവുമൊക്കെ ഇപ്രകാരം വളര്‍ന്നുവരാം. പ്രതിലോമ ചിന്തകളെ പ്രോത്സാഹിപ്പിക്കാതെ മനുഷ്യരല്‍ നല്ല ചിന്തകള്‍ വളര്‍ത്തിയെടുക്കാനായാല്‍ അതു വരുംതലമുറയോടു ചെയ്യുന്ന വലിയ ഔദാര്യമാകും. രാത്രി കാറെടുത്തു കറങ്ങാനും വീട്ടിലെ അലമാരയില്‍ ഇരുന്ന റൈഫിളുമായി സ്‌കൂളില്‍ പോകാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവസരമൊരുക്കുന്ന മാതാപിതാക്കള്‍ കേരളത്തില്‍ ഉണ്ടെന്നു നാം ഇപ്പോള്‍ തിരിച്ചറിയുന്നു. കുട്ടികള്‍ എന്തു ചെയ്യുന്നുവെന്നോ എവിടെ പോകുന്നുവെന്നോ തിരക്കാത്ത രക്ഷിതാക്കളും ഉണ്ട്.
പാര്‍ട്ടി പ്രവര്‍ത്തനത്തിനുമാത്രമല്ല നിരോധിത സംഘടനാപ്രവര്‍ത്തനങ്ങളിലും ലഹരിക്കടത്തിനുമൊക്കെ നമ്മുടെ കുട്ടികളെ കിട്ടുമെന്നു വരുമ്പോള്‍ ആരൊക്കെയാണ് ഇതിനെല്ലാം ഉത്തരവാദി എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ. രാഷ്ട്രീയ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ കാണാനും അവരുമായി സംസാരിക്കാനും കേരളത്തിലെ പ്രമുഖ പാര്‍ട്ടിയുടെ സെക്രട്ടറി ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി. കൂടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമുണ്ടായിരുന്നു. പ്രതികള്‍ക്ക് ആശ്വാസവും ഐക്യദാര്‍ഢ്യവും നല്‍കാനാവുമല്ലോ ഈ സന്ദര്‍ശനം.
പയ്യന്നൂരിലെ ധന്‍രാജ് വധക്കേസിലെ വിധിപ്രസ്താവത്തില്‍ പലസ്തീന്‍ കവി മഹ്മൂദ് ദര്‍വിഷിന്റ പ്രശസ്തമായ ഏതാലുംവരികള്‍ ജഡജി കെ.എന്‍ പ്രശാന്ത് ഉള്‍പ്പെടുത്തിയിരുന്നു. 'യുദ്ധങ്ങള്‍ അവസാനിക്കും. നേതാക്കള്‍ ഹസ്തദാനം ചെയ്യും. ആ വൃദ്ധ തന്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും. ആ പെണ്‍കുട്ടി തന്റെ ഭര്‍ത്താവിനായി കാത്തിരിക്കും. ആ കുട്ടികള്‍ അവരുടെ പിതാവിനെ നോക്കിയിരിക്കും.' എന്നായിരുന്നു ആവരികള്‍. കുട്ടികള്‍ക്കായി എന്തും ചെയ്യാന്‍ എല്ലാവരും എപ്പോഴും തയാറാണ്. പക്ഷേ മുതിര്‍ന്നവരില്‍ ചിലര്‍ പകര്‍ന്നു നല്‍കുന്ന പാഠങ്ങളും അവരെ വഴിതെറ്റിക്കാന്‍ പാകത്തിലുള്ളതാണെന്നു മാത്രം.
നന്ദി, നമസ്‌കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives