Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 20, 2026 Community Blog

വാര്‍ത്താവീക്ഷണം

  • ചൂഷണത്തിന്റെ കോര്‍പറേറ്റ് മുഖം

മൊത്തം ദേശീയ വരുമാനത്തിന്റെ മുക്കാല്‍ പങ്കും രാജ്യത്തെ വന്‍കിട വ്യവസായ സ്ഥാപനങ്ങളുടേതാണെങ്കിലും അവര്‍ സമൂഹത്തിനു നല്‍കുന്ന സംഭാവന എന്താണ്? ശതകോടികളുടെ ആസ്തിയും ലാഭവുമൊക്കെ കുന്നുകൂട്ടുമ്പോഴും കോര്‍പറേറ്റുകള്‍ എന്താണ് രാജ്യത്തിനും സമൂഹത്തിനും തിരിച്ചു നല്‍കുന്നത്? ഇതെക്കുറിച്ച് ചിന്തക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ പ്രസക്തമാണ്.

നികുതി ഇളവു നല്‍കിയിട്ടും രാജ്യത്തെ കോര്‍പറേറ്റുകള്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുകയോ പുതിയ തൊഴില്‍ അവസര്ങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. അതൊരു ആരോപണം മാത്രമല്ല. രാജ്യഭരണാധികാരിയുടെ ആകുലത കൂടിയാണ്. വ്യവസായ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ആന്‍ഡ് ഇന്‍ഡസട്രിയുടെ വാര്‍ഷിക യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ കുറ്റപ്പെടുത്തല്‍.

വ്യാവസായിക വളര്‍ച്ചയ്ക്കുവേണ്ടി കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ ധാരാളം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അക്കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്ന് 22 ശതമാനമാക്കി. 12 ലക്ഷം രുപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കി. ഇത്രയും പറഞ്ഞിട്ട് അദ്ദേഹം ഫിക്കി യോഗത്തില്‍ പങ്കെടുത്ത വ്യവാസായികളോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. നികുതി ഇളവുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ജീവനക്കാരുടെ ശമ്പളം കൂട്ടിയോ? അവരുടെ എണ്ണം കൂട്ടിയോ? ഇതിലും രൂക്ഷമായൊരു പരാമര്‍ശവും അദ്ദേഹം നടത്തി. എത്ര ഭക്ഷണം നല്‍കിയാലും വിശപ്പു മാറാത്തവരാണ് നിങ്ങള്‍ എന്നായിരുന്നു വ്യവസായികളോട് അദ്ദേഹം പറഞ്ഞത്. എന്തുകൊണ്ടാവും ഒരു വ്യാഴവട്ടത്തിലേറെയായി രാജ്യം ഭരിക്കുന്ന ഒരു പ്രധാനമന്ത്രി രാജ്യത്തെ വ്യവസായികളുടെ വമ്പന്‍ കൂട്ടായ്മയായ ഫിക്കിയുടെ യോഗത്തില്‍ ഇങ്ങനെയൊക്കെ തുറന്നടിച്ചത്.

ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളില്‍ സ്വകാര്യ മേഖലയുടെ മെല്ലെപ്പോക്കിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. 1930ല്‍ മാഹത്മഗാന്ധി നിങ്ങളോടു പറഞ്ഞ കാര്യം ഇപ്പോഴും ആവര്‍ത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചും നരേന്ദ്രമോദി പരാമര്‍ശിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങളും സാമ്പത്തിക സിദ്ധാന്തങ്ങളുമൊക്ക തമസ്‌ക്കരിക്കപ്പെടുന്ന ഇക്കാലത്ത് പ്രധാമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധി ഒരു നൂറ്റാണ്ടിനു മുമ്പ് ഇന്ത്യക്കാരോടായി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ രാഷ്ട്രീയ പ്രധാന്യവും ശ്രദ്ധേയമാണ്.

ഭരണസിരാകേന്ദ്രങ്ങളിലെ കോര്‍പറേറ്റുകളുടെ സ്വാധീനവും നിയമനിര്‍മാണങ്ങളില്‍ പോലും അവര്‍ നടത്തുന്ന ഇടപെടലുകളും ഇന്നു വലിയ വിവാദമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വ്യവസായികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും നല്‍കുന്ന സംഭാവനയുടെ കണക്കുകള്‍ കുറെയൊക്കെ പുറത്തുവരുന്നുണ്ട്. ഭരണത്തിലുള്ളവര്‍ക്കാണ് അതില്‍ ഏറിയ പങ്കും ലഭിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളും നിയമനിര്‍മാണങ്ങളും തങ്ങളുടെ ലാഭവിഹിതത്തെ സ്വാധീനക്കുമെന്നത് അവര്‍ക്കു നന്നായി അറിയാം. അതുകൊണ്ടുതന്നെ എവിടെ മുതല്‍മുടക്കിയാലും അതു പതിന്മടങ്ങായി തിരിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കും. സ്വതന്ത്ര വ്യാപാര കരാറുകള്‍ നല്‍കുന്ന ചരിത്രപരമായ അവസരങ്ങള്‍ പ്രയോജനപ്പെടത്താന്‍ വ്യവസായ ലോകം തയാറാകുന്നില്ലെന്ന വിമര്‍ശനവും പ്രധാനമന്ത്രി ഉന്നയിച്ചു.

കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും വ്യവസായ വളര്‍ച്ചയ്ക്ക് വലിയ ആനുകൂല്യങ്ങളൊക്കെ പ്രഖ്യാപിക്കാറുണ്ട്. ഭരണനേതാക്കള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വ്യവസായികളുമായുള്ള ബന്ധങ്ങളും വിവാദമാകാറുണ്ട്. മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമൊക്കെ ഇത്തരം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. വ്യവസായികളുമായുള്ള വ്യക്തിപരമായ ബന്ധം നാടിന്റെ താത്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ കൂടുതലായി സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന കഥകളും കുറവല്ല. ഇതില്‍ ചിലതൊക്കെ കുത്തിപ്പൊക്കി എടുക്കുമ്പോഴാണ് അഴിമതി ആരോപണങ്ങളായി വളരുന്നത്. പല കേസുകളിലും എല്ലാവരും പങ്കു പറ്റുന്നതുകൊണ്ട് ഭരണം മാറിവന്നാലും ഇത്തരം ആരോപണങ്ങള്‍ വാര്‍ത്തകള്‍ക്കപ്പുറത്തേക്കു വളരില്ല.

ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാനും അവസരം കിട്ടുമ്പോള്‍ അതൊക്കെ വേണ്ടവിധം ഉപയോഗിച്ചശേഷം അതൊക്കെ നല്‍കിയവരെ തീര്‍ത്തും മറക്കുന്നതും മനുഷ്യരുടെ ഇടയില്‍ പതിവാണ്. രാഷ്ട്രീയത്തിലായാലും ബിസിനസിലായാലും ഇത്തരം കഥകള്‍ ഏറെയാണ്. സ്വന്തം പിതാവിനെപ്പോലും ചൂഷണം ചെയ്ത് ബിസിനസ് സാമ്രജ്യങ്ങള്‍ കൈപ്പിടയിലൊതുക്കിയ ചിലരുടെ കഥകള്‍ അടുത്തകാലത്തും നാം കേട്ടു. രാജ്യത്തെ വമ്പന്‍ കുടുംബ ബിസിനസുകളില്‍ 70 ശതമാനവും രണ്ടാം തലമുറയ്ക്ക് അപ്പുറം വിജയകരമായി മുന്നോട്ടു പോകുന്നില്ലെന്നൊരു റിപ്പോര്‍ട്ട് വന്നിരുന്നു. പ്രഫഷണല്‍ മാനേജ്‌മെന്റിന്റെ അഭാവം, പിന്തുടര്‍ച്ച സംബന്ധിച്ച് വ്യക്തമായ രേഖകള്‍ തയാറാക്കാത്തത്, കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധിയായ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാവും.

എളിയ നിലയില്‍ ആരംഭിച്ച് വന്‍നേട്ടങ്ങള്‍ കൈവരിച്ച പ്രമുഖ ബ്രാന്‍ഡുകളും ഇത്തരം തകര്‍ച്ച നേരിട്ടിട്ടുണ്ട്. ഇന്ത്യയില്‍ ടാറ്റയും ബിര്‍ളയും സിംഘാനിയയുമൊക്കെ ഇത്തരം വ്യത്യസ്ത പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ വരുമാനത്തില്‍ 75 ശതമാനത്തിലേറെയും കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍നിന്നാണെന്നു കാര്യവും ശ്രദ്ധേയമാണ്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ 90 ശതമാനവും കുടുംബസ്ഥാപനങ്ങള്‍ തന്നെ. കമ്പനികളുടെ നടത്തിപ്പു കൈമാറ്റം തന്നെയാവും മുന്നേറ്റത്തിനോ തകര്‍ച്ചയ്‌ക്കോ മുഖ്യകാരണം.

്അംബാനി കുടുംബത്തിന്റെ കാര്യം തന്നെ എടുക്കാം. വലിയൊരു വ്യവസായ സാമ്രാജ്യത്തിനു തുടക്കമിട്ട ധീരുഭായ് അംബാനി വ്യക്തമായൊരു പിന്തുടര്‍ച്ചാ രേഖ നല്‍കാതെയാണ് മരിച്ചത്. ഇതെത്തുടര്‍ന്ന് മക്കളായ മുകേഷ് അംബാനിയുംഅനില്‍ അംബാനിയും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ അന്ന് ഏറെ മാധ്യമശ്രദ്ധ നേട്ിയിരുന്നു. അനില്‍ അംബാനി ഇപ്പോഴും വന്‍കടക്കെണിയിലാണ്. സഹോദരന്‍ മുകേഷ് അംബാനി ആകട്ടെ ഇന്ന് ലോകത്തിലെതന്നെ ധനികരില്‍ മുന്‍നിരയിലുള്ള വന്‍ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണ്.

റെയ്മണ്ട് ഗ്രൂപ്പിന്റെ സ്ഥാപകനായ വിജയപഥ് സിംഗാനിയ മകന്‍ ഗൗതമിന് ബാറ്റണ്‍ കൈമാറിയെങ്കിലും കമ്പനി പിന്നീടു തകര്‍ച്ചയുടെ പടുകുഴിയിലേക്കു പതിച്ചു. പ്രബലമായ ടിവിഎസ് ഗ്രൂപ്പിലും ഇത്തരം ചില അടിയൊഴുക്കുകളും തകര്‍ച്ചയും ഉണ്ടായി. വമ്പന്മാരുടെ മാത്രമല്ല, ഇടത്തരം ചെറുകിട ബിസിനസുകാരുടെയും ഇത്തരം വീഴ്ചകളുടെ കഥകള്‍ നിരവധിയുണ്ട്.

സര്‍ക്കാരുമായി ബന്ധപ്പെട്ട പല കരാറുകളിലും രാഷ്ട്രീയ, ബിസിനസ് താത്പര്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. വൈദ്യുതി വാങ്ങുന്നതിലും മരുന്ന് വാങ്ങുന്നതിലുമൊക്കെ ഇത്തരം ഇടപാടുകള്‍ അടുത്ത കാലത്ത് ആരോപിക്കപ്പെട്ടിരുന്നു. അരിയും പച്ചക്കറിയും വാങ്ങുന്നതില്‍പോലുംഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളുമൊക്കെ തങ്ങളുടെ ബിസിനസ് വളര്‍ത്തുന്നതിനും ലാഭം വര്‍ധിപ്പിക്കുന്നതിനും പല തന്ത്രങ്ങളും പ്രയോഗിക്കും. അതിന് ഇരയായി മാറാതിരിക്കാന്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. സുതാര്യമായ ഇടപാടുകള്‍ മാത്രമാണ് ഇതിനു പ്രതിവിധി. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പല ഔദ്യോഗിക ഇടപാടുകള്‍ക്കും ഇത്തരം സുതാര്യത കമ്മി ആണെന്നതു തന്നെയാണ് പ്രധാന പ്രശ്‌നം.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി 

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives