ശുദ്ധവായു കിട്ടാക്കനി ആകുമോ?
ആഘോഷങ്ങള്‍ അപകടവേളകളായി മാറുന്നത് പലപ്പോഴും അശ്രദ്ധ കൊണ്ടാവാം. അമിതോത്സാഹവും അപകടങ്ങള്‍ വിളിച്ചുവരുത്തും. ഇത്തരം അപകടങ്ങള്‍ ആഘോഷവേളകളെ കണ്ണീരില്‍ ആഴ്ത്തുന്ന സംഭവങ്ങളും അപൂര്‍വമല്ല.
ദീപാവലി വെളിച്ചത്തിന്റെ ഉത്സവം കൂടിയാണ്. അതുകൊണ്ടുതന്നെ ദീപാവലി നാളുകളില്‍ നാടും നഗരവുമെല്ലാം ദീപാലങ്കാരങ്ങളാല്‍ നിറയും. കണ്ണിനു കൗതുകവും മനസിന് ആഹ്ലാദവും പകരുന്നതാണ് ഈ ദൃശ്യങ്ങളെല്ലാം. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈ വര്‍ഷവും ദീപാവിലി അത്യുത്സാഹത്തോടെ ആഘോഷിച്ചു. വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ കേരളം ഇപ്പോള്‍ പ്രശ്‌നത്തിലാണെങ്കിലും ദീപങ്ങളുടെ ആഘോഷത്തില്‍ നമ്മളും പിന്നോക്കം പോയില്ല.
ദീപാവലി ഉള്‍പ്പെടെ മിക്ക ആഘോഷ വേളകളുടെയും മറ്റൊരു പ്രധാന ഇനം പടക്കം പൊട്ടിക്കലും വിവിധ ദൃശ്യവിസ്മയങ്ങളുമാണ്. കാഴ്ചയ്ക്ക് അതിമനോഹരമെങ്കിലും ഇതുളവാക്കുന്ന ചില ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. അന്തരീക്ഷ മലിനീകരണം തന്നെ അതില്‍ പ്രധാനം. പടക്കവും പൂത്തിരികളുമൊക്കെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അശ്രദ്ധ അപകടത്തിനും ഇടയാക്കും.
ഈ ദിവസങ്ങളില്‍ പടക്കം പൊട്ടിച്ചുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. ഹൈദരാബാദിലും സെക്കന്തറാബാദിലും പടക്കശാലകള്‍ കത്തി വലിയ അപകടം ഉണ്ടായി. അകലെനിന്നു തൊടുത്തുവിട്ട റോക്കറ്റ് പടക്കം വീണ് സെക്കന്തറാബാദിലെ ഒരു പടക്കശാല അപ്പാടെ കത്തിനശിച്ചു. കര്‍ണാടകയിലെ സുളാപെട്ടിയില്‍ തീപ്പൊരി വീണ് ഒരു പടക്കക്കട അപ്പാടെ കത്തിച്ചാമ്പലായി. മുംബൈയിലും ഡല്‍ഹയിലും അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് ഈ ദിവസങ്ങളില്‍ പിടിപ്പതു പണി ഉണ്ടായിരുന്നു.
പടക്കം പൊട്ടിക്കുന്നതിനും ദീപം തെളിക്കുന്നതിനുമൊക്കെ ആചാരപരമായും ചരിത്രപരമായുമൊക്കെ ചില കാരണങ്ങള്‍ ഉണ്ട്. അതത് സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സ്വത്വത്തിന്റെ ഭാഗം കൂടിയാണ് അത്. അതുകൊണ്ടുതന്നെ പടക്കം ഉപയോഗിക്കുന്നത് നിരോധിക്കുക എന്നതിലുപരി അത് അപകടകരമല്ലാത്ത രീതിയില്‍ ഉപയോഗിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
ചെറിയ തോതിലുള്ള ഉത്സവങ്ങള്‍ക്കും പെരുന്നാളിനുമൊക്കെ ചൈനിസ് പടക്കങ്ങള്‍ ഒരുക്കുന്ന ആകാശവിസ്മയമാണ് ഇപ്പോള്‍ കാണാറുള്ളത്. തൃശൂര്‍ പൂരംപോലെയുള്ള വന്‍ ആഘോഷങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെയും അപകടങ്ങള്‍ അപൂര്‍മല്ല.
ഇതൊക്കയാണെങ്കിലും ജനം ഈ കാഴ്ചകളും സ്വരവുമെല്ലാം ആസ്വദിക്കുന്നു. പടക്കം സമ്പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യം പലപ്പോഴും ഉയര്‍ട്ടുണ്ട്. എന്നാന്‍ പരമോന്നത കോടതിപോലും അത്തരമൊരു പൂര്‍ണ നിരോധനത്തെ അനുകൂലിക്കുന്നില്ല. അതേസമയം പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു സുപ്രീകോടതി നിര്‍ദേശിച്ചുണ്ട്.
വര്‍ണവിസ്മയം ഒരുക്കുന്ന കരിമരുന്നു പ്രയോഗം മാത്രമല്ല, രാജ്യത്തെ പല നഗരങ്ങളിലെയും വായുമലിനീകരണം രൂക്ഷമാക്കുന്നത്. ആഘോഷവേളകള്‍ സ്ഥിതി രൂക്ഷമാക്കുന്നുവെന്നുമാത്രം. രാജ്യതലസ്ഥാനം തന്നെ ഇതിനൊരു മികച്ച ഉദാഹരണം. ഡല്‍ഹിയിലെ വായുമലിനീകരണം ഈ ദിവസങ്ങളില്‍ ഏറെ രൂക്ഷമാണ്. രാഷ്ട്രപതിഭവന്‍, ഇന്ത്യാഗേറ്റ് തുടങ്ങിയ മേഖലകള്‍ ഇന്നു രാവിലെ കനത്ത പുകപടലം കൊണ്ടു മറഞ്ഞിരുന്നു. വാഹനയാത്രക്കാര്‍ക്ക് തൊട്ടുമുന്നിലുള്ള വാഹനങ്ങള്‍ കാണുന്നതിനും പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു പുലര്‍ച്ചെ..
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം ഇന്നു പുലര്‍ച്ചെ നാലു മണിക്ക് എക്യൂഐ 406 രേഖപ്പെടുത്തിയ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലാണ്. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള പടക്കം പൊട്ടിക്കലും പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. രാത്രി പത്തുമണിക്കുശേഷം പടക്കം പൊട്ടിക്കരുതെന്നു സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും ദീപാവലി രാത്രിയില്‍ പലരും അതു പാലിച്ചില്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വലിയ ബുദ്ധിമുട്ടിലാണ്. കുട്ടികളും പ്രായമായവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഇതിനിടെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കാനും നീക്കം നടക്കുന്നു. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താതെ അതിനു ശാസ്ത്രീയ പരിഹാരം തേടാനുള്ള ശ്രമമാണ് ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. എന്‍നീനോ പോലുള്ള പ്രതിഭാസങ്ങളെക്കുറിച്ചുള്ള ആശങ്ക വളരുമ്പോല്‍ കാലാവസ്ഥാ പഠനത്തിനും അതിനെ അതീജിവിച്ച് മുന്നോട്ടുപോകുന്നതിനുമുള്ള സജീവമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായിരിക്കുന്നു.
ലോകരാഷ്ട്രങ്ങള്‍ പലതും ഇക്കാര്യത്തില്‍ വളരെ ഉത്കണ്ഠ ഉള്ളവരാണ്. ആഗോളതലത്തില്‍തന്നെ ഈ പ്രശ്‌നം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനും ഭക്ഷ്യാത്പാനദരംഗത്തും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നു. നിര്‍മിത ബുദ്ധി എല്ലാ പ്രശ്‌നങ്ങള്‍ക്കം പരിഹാരമാവില്ലെന്നും പലതിനും പകരമാവില്ലെന്നും ഇനിയും നാം മനസിലാക്കേണ്ടിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം പോലെയുളള വിഷയങ്ങള്‍ പലതും നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ലെങ്കിലും മനുഷ്യര്‍ വിചാരിച്ചാല്‍ ഒഴിവാക്കാവുന്ന പല ദുരന്തങ്ങളും ഉണ്ട്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ നമുക്കു വ്യക്തിപരമായ പരിമിതികളുണ്ടെങ്കിലും പരിസര ശുദ്ധി പാലിക്കുന്നതില്‍ ഓരോ പൗരനും തന്റെ പങ്കുവഹിക്കാനാവും. നാം അതിനു തയാറാവുന്നുണ്ടോ എന്നതാണു പ്രശ്‌നം.
അപകടക്കളികളില്‍ എര്‍പ്പെടുന്നവര്‍ അവര്ക്കു മാത്രമല്ല, വെറുതെ നില്‍ക്കുന്നവര്‍ക്കും ഭീഷണിയാകാം.. കൊല്ലം പൂയപ്പള്ളിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സംഘത്തിലെ ചിലര്‍ തീ തുപ്പുന്ന കാറുമായി നടത്തിയ പ്രകടനം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വാഹനം തിരിച്ചറിയാതിരിക്കാന്‍ പിന്നിലെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. പൂയപ്പള്ളി കൊല്ലം റോഡിലെ ഓഡിറ്റോറിയത്തിനു മുന്നിലേക്കു പുകക്കുഴലിലൂടെ തീതുപ്പുന്ന കാറുമായി അഭ്യാസപ്രകടനം നടത്തിയവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കാറില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നുവെന്നും ഓര്‍ക്കണം. കാറില്‍ ഘടിപ്പിച്ചിരുന്ന പ്രത്യേക സ്വിച്ച് ഉപോഗിച്ചാണ് പുകക്കുഴലിലുടെ തീ തുപ്പിയിരുന്നത്. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒറ്റപ്പാലത്തുനിന്നും വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ തീപിടിച്ച ബസില്‍നിന്നും രക്ഷപ്പെട്ട സംഭവം കഴിഞ്ഞ ദിവസമായിരുന്നു. ബസിന്റെ പിന്നിലെ ടയര്‍ പൊട്ടിത്തെറിച്ച ശബ്ദം കേട്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി. പിന്നാലെ പുക ഉയര്‍ന്നപ്പോല്‍ വിദ്യാര്‍ഥികളെ എല്ലാം പുറത്തിറിക്കി. പിന്നീട് തീ ആളിപ്പടര്‍ന്നു. ആര്‍ക്കും അപകടമില്ല. സവിനോദയാത്രകളും ആഘോഷങ്ങളും അപകടക്കെണികളായി മാറാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അന്തരീക്ഷമാകെ പുകപടലം നിറയുമ്പോഴും ശുദ്ധവായു കിട്ടാക്കനിയായി മാറാതിരിക്കാന്‍ നമ്മുടെ എളിയ ശ്രമം തുടരാം.
നന്ദി, നമസ്‌കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives