Blog Story

വാര്‍ത്താവീക്ഷണം :  കിഫ്ബിയും വികസന കുരുക്കും
Radio Media Village 90.8 FM October 16, 2026 Community Blog

വാര്‍ത്താവീക്ഷണം : കിഫ്ബിയും വികസന കുരുക്കും

കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത പദ്ധതി എന്നായിരുന്നു കിഫ്ബിയെ മുന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടാന്‍ ബജറ്റിനു പുറത്തുനിന്നുകൂടി പണം കണ്ടെത്താനുള്ള വഴികള്‍ തേടിയാണ് കിഫ്ബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് രൂപപ്പെട്ടത്.

സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ഒരു ധനകാര്യ സ്ഥാപനം എന്നുവേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. പരമ്പരാഗത ബജറ്റ് നിയന്ത്രണങ്ങള്‍ക്കൊന്നും വിധേയമാകാതെ മൂലധന സമാഹരണത്തിനുള്ള സാധ്യത കിഫ്ബിക്ക് ഉണ്ടായിരുന്നു. മസാല ബോണ്ടുകള്‍ ഇറക്കിയും കൂടിയ പലിശയ്ക്കു പണം വായ്പയെടുത്തുമൊക്കെയാണ് ഈ മൂലധന സ്വരൂപിക്കല്‍ നടന്നത്. നാടിന്റെ വികസനത്തിനല്ലേ, ഇങ്ങനെയൊക്കയേ വികസനം വരൂ എന്നു പറഞ്ഞപ്പോള്‍ നാട്ടുകാരും അതു വിശ്വസിച്ചു.

കുറെയേറെ വികസന പദ്ധതികള്‍ കിഫ്ബിയിലൂടെ നടന്നു. ഇതെക്കുറിച്ചൊക്കെ അന്ന് പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നേരിട്ടു കാണാനാവുന്ന ചില റോഡുകളും ഇതര പദ്ധതികളും വിമര്‍ശനകരുടെ വായടപ്പിച്ചു. മാത്രമല്ല, സമര്‍ഥനെന്നു പേരു കേട്ട, ധനകാര്യവിദഗ്ധന്‍ കൂടിയായ ഡോ. കെ.എം എബ്രഹാം ആയിരുന്നു അതിന്റെ നടത്തിപ്പുകാരന്‍. ധനശാസ്ത്രജ്ഞനെന്ന് അറിയപ്പെടുന്ന ഡോ. തോമസ് ഐസക് ധനമന്ത്രിയും.
കിഫ്ബിയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കാന്‍ ധാരാളം സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി. നാടുനീളെ കിഫ്ബി ബോര്‍ഡുകള്‍ ഉയര്‍ന്നു.

വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ക്ിഫ്ബിയുടെ കാര്യത്തില്‍ പുനരാലോചന ഉണ്ടാകുമെന്ന് വ്യ്ക്തമായിരുന്നു. ഭരണകൂടങ്ങള്‍ മാറുമ്പോള്‍ പഴയ പദ്ധതികളും സ്ഥാപനങ്ങളുമൊക്കെ അഴിച്ചു പണിയാറുണ്ട്. അതില്‍ ചിലപ്പോള്‍ രാഷ്ട്രീയ താത്പര്യങ്ങളും കടന്നുവരാം. പക്ഷേ കിഫ്ബിയുടെ കാര്യത്തില്‍ നടപടികള്‍ അത്ര പെട്ടെന്ന് എടുക്കാന്‍ കഴിയുമായിരുന്നില്ല. നിരവധി കാരണങ്ങള്‍ ്അതിനു പിന്നിലുണ്ട്. നിയമപരമായി രൂപം കൊടുത്ത സ്ഥാപനം എന്നതിനുപുറമേ കോടിക്കണക്കിനു രൂപയുടെ ആസ്തി ബാധ്യതകളും നടപ്പു പദ്ധതികളുമുള്ള കിഫ്ബിയെ അത്രപെട്ടെന്ന് ഒഴിവാക്കാനോ ്അഴിച്ചുപണിയാനോ കഴിയുമായിരുന്നില്ല. അതേസമയം കിഫ്ബിയുമായി മുന്നോട്ടു പോകാന്‍ നിലവിലെ സര്‍ക്കാരിന് യാതൊരു താത്പര്യവും ഇല്ലായിരുന്നുതാനും.

ഈ സാഹചര്യത്തിലാണ് അദ്യം കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയും ആസൂത്രണ കമ്മീഷന്റെ മുന്‍ മെംബര്‍ സെക്രട്ടറിയുമായിരുന്ന സുധാ പിള്ളയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ കിഫ്ബിയെക്കുറിച്ചു പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഈ സമിത വളരെ വിശദമായൊരു റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. അതിലെ വിവരങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നലെ മാധ്യമങ്ങളോട് വിശദീകരിച്ചത്..

വളരെ ഗൗരവതരമായ പല വീഴ്ചകളും  ചൂണ്ടിക്കാണിക്കപ്പെട്ടു. ഭരണഘടനാ വ്യവസ്ഥകല്‍ പോലും ലംഘിച്ചാണ് കിഫ്ബി പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ ബാധ്യതയാണ് കിഫ്ബി നിലവിലെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. 1240 പദ്ധതികളാണ് കിഫ്ബി അംഗീകരിച്ച് ഏറ്റെുടത്തത്. ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കില്‍ ലക്ഷം കോടി രൂപ വേണ്ടിവരുമായിരുന്നു. സര്‍ക്കാര്‍ ഖനാവില്‍നിന്ന് 24,749 കോടി രൂപ കിഫ്ബിക്കു ലഭിച്ചു. 42,193 കോടി രൂപ വായ്പ എടുത്തു. ഇതില്‍ 31,681 കോടി രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ട്. സര്‍ക്കാര്‍ സാധാരണ എടുക്കുന്നതിനേക്കാള്‍ കൂടിയ പലിശ നിരക്ക് നല്‍കിയാണ് കിഫ്ബി വായ്പ എടുത്തിരിക്കുന്നത്.

മസാല ബോണ്ടിറക്കി സമാഹരിച്ച പണമാകട്ടെ കുറഞ്ഞ പലിശയ്ക്കു നിക്ഷേപിച്ചു. അങ്ങിനെയും കുറെ നഷ്ടം ഉണ്ടായി. വായ്പയുടെ ഇതുവരെയുള്ള തിരിച്ചടവില്‍ 99.4 ശതമാനവും സര്‍ക്കാരാണ നടത്തിയത്. ചുരുക്കിപ്പറഞ്ഞാല്‍ കിഫ്ബിയുടെ ബാധ്യത മൊത്തം സര്‍ക്കാരിന്റെ തലയില്‍ . വികസനംവരുമ്പോള്‍ ഇത്തരം ചില ബാധ്യതകളൊക്കെവരും എ്ന്നു പറഞ്ഞ് ഒഴിയാനാവില്ല. ധനവിനിയോഗത്തിന്റെ വിശദാംശങ്ങള്‍കൂടി പരിശോധിക്കപ്പെടേണണ്ടതുണ്ട്.

കടമെടുത്ത തുകയില്‍ വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനലാണ കൗതകുകരമായ ചില വിവരങ്ങള്‍ ഉള്ളത്. ഭൂമി ഏറ്റെടുക്കാന്‍ മുടക്കിയ 11.402 കോടി രൂപയില്‍ അമ്പതു ശതമാനത്തിലേറെയും നല്‍കിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ്. ജീവനക്കാരുടെ നിയമനം, അവരുടെ പ്രതിഫലം എന്നിവയിലൊക്കെയും തോന്നിയപടിയയിരുന്നു കാര്യങ്ങള്‍. നാല്പതു തസ്തികകള്‍ അനുവദിച്ച സ്ഥാനത്ത് നിയമിച്ചത് അതിന്റെ പത്തിരട്ടിയിലേരെപ്പേരെ.

ക്രമക്കേടുകള്‍ മാത്രമല്ല അഴിമതിയുടെ അഴുക്കുകളും റിപ്പോര്‍ട്ടില്‍ കാണാനാവും. ഏതായാലും കിഫ്ബി ഇത്തരത്തില്‍പോകാന്‍ പാടില്ലെന്ന് സമിതി വ്യക്തമായ തെളിവുകളോടെ സമര്‍ഥിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സമ്ഗ്രമായ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തണമെന്നാണ് ഒരു പ്രധാന നിര്‍ദേശം. പൊതുവിപണിയില്‍നിന്നു കിഫ്ബി നേരിട്ട് വായ്പയെടുക്കാന്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യ്ക്തമാക്കുന്നുണ്ട്.

കിഫ്ബി ഈ നിലയില്‍ മുന്നോട്ടു പോകില്ലെന്ന് ഉറപ്പാണ്. അതേസമയം കിഫ്ബി മുന്നോട്ടു വച്ച ചില ആശയങ്ങളും പ്രവര്‍ത്തനങ്ങളും അതിന്റെ നല്ലവശം കണ്ടെത്തി സ്വീകരിക്കപ്പടുകയും വേണം. കിഫ്ബി പെട്ടെന്നു പൂട്ടിക്കെട്ടാനാവില്ലെന്നു മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഗാരണ്ടി നല്‍കി പലയിടത്തുനിന്നും വായപ് എടുത്തിട്ടുണ്ട് എ്ന്നതാണ് പ്രധാന കാരണം. അതുകൊണ്ടുതന്നെ കിഫ്ബിയുടെ ഭാവി നിര്‍ണയിക്കുമ്പോള്‍ സര്‍ക്കാരിന് ഏറെ ചിന്തിക്കേണ്ടതുണ്ട്. പല കടമ്പകളും കടക്കേണ്ടതുമുണ്ട്. തുടങ്ങിവച്ച പദ്ധതികളെല്ലാം പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനമാണ് പൊതുസമൂഹത്തിന്റെ ആശ്വാസം.  

മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു തൊട്ടുപിന്നാലെ കിഫ്ബിയുടെ തലതൊട്ടപ്പനെന്നു പറയാവുന്ന മുന്‍ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് കിഫിബിയെ പൂര്‍ണമായും പിന്തുണച്ച് രംഗത്തെത്തി. കിഫ്ബിയുടെ വിശ്വാസ്യത തകര്‍ത്തതിന് അദ്ദേഹം നിലവിലെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. കിഫ്ബി നിര്‍ത്തലാക്കുന്നതു കേരളത്തിനു വലിയ ആഘാതമാവുമെന്നാണ് തോമസ് ഐസക് പറയുന്നത്. ബജറ്റിലെ പണം ഉപയോഗിച്ച് ഇതുപോലെ പദ്ധതികള്‍വരില്ലെന്നും കിഫ്ബിയുടെ പക്കലുള്ള പണമാണ് പുതിയ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് ആരോപിക്കുന്നു. കടബാധ്യത ഉണ്ടെങ്കിലും കിഫ്ബിക്ക് അതിനു തുല്യമായ ആസ്തി ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം കേരളത്തിന്റെ വികസന സ്വപ്‌നങ്ങളെ കാല്‍നൂറ്റാണ്ടു പിന്നോട്ടടിക്കുമെന്നാണ് മുന്‍ ധനമന്ത്രിയുടെ ആശങ്ക.

പിഎം ശ്രീ പദ്ധതിയെക്കുറിച്ചു നടക്കുന്ന വിവാദങ്ങളും വിദ്യാഭ്യാസരംഗത്തെ ബാധിക്കും. ഇന്നലെ ഇതക്കുറിച്ചും നിയമസഭയില്‍ വാക്‌പോരു നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭിക്കുന്നതില്‍ ഉണ്ടാകുന്ന തടസമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വികസനത്തോടു ചേര്‍ന്നുതന്നെ  ക്രമക്കേടും അഴിമതിയും കുതിക്കുമ്പോള്‍ അതിന് ന്യായവാദങ്ങളുടെ മുഖം മൂടി നല്‍കി ചിലര്‍ സായൂജ്യമടയുന്നു. ഭരണരംഗത്തെ സുതാര്യതയിലാണ് ഇതൊക്കെ കരിനിഴല്‍ വീഴ്ത്തുന്നത്.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Share this article
Radio Media Village

No. 1 Community Radio in Kerala (90.8 FM). Voice of the community, entertainment, education, and inspiration.

Get Mobile App

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives