മായക്കുട്ടിയും തെരുവുനായ്ക്കളും
മായ എന്ന ആനക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്ത് ജാംനഗറിലെ 'വന്താര'യിലേക്കു വിമാനമാര്‍ഗം കൊണ്ടുപോകുന്നതിന്റെ വാര്‍ത്തയും ദൃശ്യങ്ങളുമായിരുന്നു ഇന്നലത്തെ ഒരു പ്രധാന ചര്‍ച്ചാവിഷയം. ഒന്നര വര്‍ഷം മുമ്പ് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ കപ്രിക്കാടിനു സമീപം ഒറ്റപ്പെട്ട നിലയില്‍ ഈ നവജാത ആനക്കുട്ടിയെ വനപാലര്‍ കണ്ടെത്തി. അവരുടെ പരിചരണത്തിലായിരുന്ന ആനക്കുട്ടി കഴിഞ്ഞ ജൂലൈയില്‍ കളിക്കുന്നതിനിടെ വീണു തോളിനു പരിക്കേറ്റു. ഫിസിയോതെറാപ്പിയും എല്ലുകള്‍ക്കു ബലം നല്കുന്ന പോഷക സപ്ലിമെന്റുകളുമൊക്കെ നല്‍കിയെങ്കിലും മായയുടെ സ്ഥിതി കൂടുതല്‍ ദുര്‍ബലമായി. വനപാലകരും വെറ്ററിനറി ഡോക്ടര്‍മാരുമൊക്കെ ഏറെ ശ്രമിച്ചെങ്കിലും മായക്കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സാധിക്കുമോ എന്നു ആശങ്ക ബലപ്പെട്ടു.
അസ്ഥികള്‍ക്കു ബലക്ഷയം ഉണ്ടാകുന്ന ഓസ്റ്റിയോപീനിയ രോഗം ബാധിച്ച ആനക്കുട്ടിക്ക് നടക്കാനോ നില്‍ക്കാനോ ആകാത്ത സ്ഥിതിയായി. വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ അപര്യാപ്തമാണെന്നു കണ്ടെത്തിയ ആരോഗ്യ നിരീക്ഷണ സമിതി ആനക്കുട്ടിക്ക് ദയാവധം ശിപാര്‍ശ ചെയ്യുകപോലുമുണ്ടായി. അപ്പോഴാണ് അനന്ത് ്അംബാനിയുടെ വന്താര ആനക്കുട്ടിയുടെ രക്ഷയക്കെത്തിയത്.
പ്രമുഖ വ്യവസായ ഗ്രൂപ്പായ അംബാനി കുടുംബമാണ് വന്താരയുടെ പ്രായോജകര്‍. ഗുജറാത്തിലെ ജാംനഗറില്‍ പ്രവര്ത്തിക്കു്ന്ന ഒരു ആഗോള വന്യജീവി രക്ഷാ, പരിചരണ, ക്ഷേമ, സംരക്ഷണ സംരംഭമാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനിയാണ് വന്താരയുടെ സ്ഥാപകന്‍. മൃഗചികിത്സാരംഗത്തെ അത്യാധുനിക സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാണ്. വിദഗ്ധരുടെ സേവനം മുഴുവന്‍ സമയവും ഉണ്ടാവും. മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സംരക്ഷിക്കുന്ന ഇടമാണ് ഇത്. കാടിന്റെ നക്ഷത്രം എന്നാണ് വന്താര എന്ന വാക്കിന്റെ അര്‍ഥം.
125 കിലോഗ്രാം തൂക്കം വരുന്ന മായ എ്ന്ന ആക്കുട്ടിയെ ആനിമല്‍ ആംബുലന്‍സിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. അവിടെനിന്ന് വന്താര ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഉച്ചകഴിഞ്ഞ് ഒന്നരയോടെ ജാംനഗറിലേക്കു പുറപ്പെട്ടു. കോടനാട് അഭയാരണ്യത്തിലെ ഡോ. ബിനോയ് സി. ബാബു, പാപ്പാന് നിഖില്‍ എ്ന്നിവരെ കൂടാതെ വന്താരയിലെ വെറ്ററിനറി ഡോക്ടര്‍മാരും ആനക്കുട്ടിയോടൊപ്പമുണ്ടായിരുന്നു. ചികിത്സാച്ചെലവുകള്‍ മുഴുവന്‍ വന്‍താരയാണ് വഹിക്കുക.
ആനക്കുട്ടിയായായും മനുഷ്യക്കുഞ്ഞായാലും അംബാനിയെപ്പോലുള്ളവര്‍ ഇടപെട്ടില്ലെങ്കില്‍ ജീവനും ജീവിതവും ഇല്ലാതാവും എന്ന സ്ഥിതി നമ്മുടെ നാട്ടില്‍ ഉണ്ട്. ഉദാരമതികളായ സമ്പന്നരുടെയും സെലിബ്രറ്റികളുടെയും ഇത്തരം കൈത്താങ്ങുകള്‍ അഭിനന്ദനീയം തന്നെ. പല കോര്‍പറേറ്റുകളും തങ്ങളുടെ സിഎസ്ആര്‍ ഫണ്ട് നിരവധിയായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. സിഎസ് ആര് ഫണ്ടിനുമപ്പുറം വന്‍തുക ചെലവഴിക്കുന്നവരും അപൂര്‍വമായെങ്കിലും ഉണ്ട്. അതൊക്കെ തുടരുകതന്നെ വേണം. അവരെയൊക്കെ നാം ആദരിക്കണം. പക്ഷേ, ഭരണകൂടത്തിന് ഇത്തരം അവസരങ്ങളില്‍ ഒന്നും ചെയ്യാനാവില്ലേ എന്നൊരു ചോദ്യം ഉയരുന്നു.
ജനങ്ങളുടെ നികുതിപ്പണം ജനപ്രതിനിധികളുടെ ശമ്പളത്തിനും ചികിത്സാച്ചെരവിനും പിന്നെ സംസ്ഥാനം പോറ്റി വളര്‍ത്തുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വെള്ളാനകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി വീതിച്ചു നല്കിയാല് മതിയോ? പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്കുന്ന ചില്ലിക്കാശുകള്കൊണ്ട് ഭരണകൂടത്തിന്റെ ബാധ്യത തീരുമോ? കാട്ടുമൃഗങ്ങളും തെരുവുനായ്ക്കളു മനുഷ്യരെ കടിച്ചു കീറുമ്പോള്‍ അവയില്‍ നിന്ന് പാവം മനുഷ്യരെ രക്ഷിക്കാനെങ്കിലും ഭരണകൂടത്തിന് ഉത്തരവാദിത്വമില്ലേ?
എന്തിന്, മുഖ്യമന്ത്രിയെപോലും തെരുവുനായ വഴിയില്‍ തടയുന്ന സ്ഥിതിയാണിന്ന്. ഇന്നലെ ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന് നഗ്നപാദനായി ക്ഷേത്ര ദര്‍ശനത്തിന് ഗസ്റ്റ് ഹൗസില്‍ നിന്നു പുറത്തേക്കിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിക്കു മുന്നേ നടന്നു കയറിയ തെരുവനായയെ കൂടെയുള്ളയാള്‍ തടസപ്പെടുത്തുന്ന ചിത്രം നാം കണ്ടു. എസ്കോര്ട്ടിനോട് താത്പര്യമില്ലാത്ത മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ വന്നതാവാം ഈ ശ്വാനവീരന്.
സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ 31 വരെ ഒരു ലക്ഷത്തിതൊണ്ണൂറ്റിനാലായിരം പേര്‍ക്ക് തെരുവുനായ്ക്കളുടെ കടി ഏറ്റു എന്ന കണക്ക് അടുത്തകാലത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. ഇക്കാലയളവില്‍ പേവിഷബാധയേറ്റു മരിച്ചത് 13 പേരാണ്. പത്തു വര്‍ഷത്തിനിടെ തെരുവുനായ്ക്കളടെ കടിയേറ്റവരുടെ എണ്ണം മൂന്നിരട്ടിയായി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ പരിസരത്തുള്ള തെരുവുനായ്ക്കളെ ഉടന്‍പിടികൂടി ഷെല്‍റ്ററുകളിലേക്കു മാറ്റണമെന്ന് കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതു നടാപ്പാക്കേണ്ട ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളുമൊക്കെ ഇരുട്ടില്‍ തപ്പുകയാണ്. മനുഷ്യര്‍ക്കു ഷെല്‍ട്ടര്‍ ഒരുക്കാന്‍ വ്യവസായികളുടെയും കാരുണ്യപ്രവര്‍ത്തകരുടെയും പഴ്സ് കാത്തിരിക്കുന്ന സമൂഹത്തില്‍ എങ്ങിനെയാണ് നായക്കള്‍ക്കു ഷെല്‍ട്ടര്‍ ഉയരുക. എബിസി പദ്ധതിപോലും ചൊവ്വെ നേരേ നടത്താന്‍ കഴിയുന്നില്ല. പിന്നെ എങ്ങിനെ തെരുവുനായ ശല്യം ഒഴിവാകും. ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സറ്റേഷനുകളും ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലുമെല്ലാം ഇപ്പോഴും തെരുവുനായ്ക്കള്‍ നിര്‍ബാധം വിഹരിക്കന്നു.
കൊല്ലം ശാസ്താംകോട്ട റയില്‍വേ സ്റ്റേഷനില്‍ ഇന്നലെ റെയില്‍വേ ജീവനക്കാരനും യാത്രക്കാരനും തെരുവുനായയുടെ കടിയേറ്റു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഓടിനടന്ന നായ പരിഭ്രാന്തി പരത്തി. നായക്കളോട് കാരണ്യം കാട്ടി അവയ്ക്കു ഭക്ഷണം നല്‍കുന്നവരും മൃഗസ്നേഹികളുമൊക്കെ ഇവയെ സ്വന്തം വീട്ടില്‍ പരിപാലിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ജില്ലകള്‍ തോറും ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനും നായപരിചരണം ഉറപ്പാക്കാനും പല പദ്ധതികളും പ്രഖ്യാപിക്കാറുണ്ട്. അതുവരെ സബ്സിഡി നല്‍കിയാണെങ്കില്‍പോലും ഇവയെ പാര്‍പ്പിക്കാന്‍ ഒരു സംവിധാനം ഉണ്ടാകണം. സ്വകാര്യ മേഖല ഇവിടെയും കടന്നുവരട്ടെ.
കാട്ടുപന്നികള്‍ നമ്മുടെ മലയോരം വിട്ട് നാട്ടുപാതകളിലും എത്തിയിട്ടുണ്ട്. ഇവയെല്ലാം കുടി നാട്ടുകാരെ ഓടിച്ച് അറബിക്കടലിലേക്കു വിടുമോ. തെരുവുനായ ശല്യം ഒരു ദേശീയ പ്രശനംകൂടിയാണ്. സുപ്രീം കോടതി കൂടാതെ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ഈ വിഷയം ഗൗരവമായി എടുത്തിരുന്നു. പൂച്ചയ്ക്ക് ആരു മണികെട്ടും എന്നു ചോദിക്കുന്നതുപോലെ തെരുവുനായ പ്രശ്നം എങ്ങിനെയാണ് പരിഹരിക്കുക എന്ന ചോദ്യം ബാക്കിയാവുന്നു.
നന്ദി, നമസ്കാരം.
രചന: സെര്‍ജി ആ്ന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives