Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 05, 2026 Community Blog

വാര്‍ത്താവീക്ഷണം


ട്രംപിന് ജനങ്ങളുടെ മറുപടി

അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം ലോകശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ അതിന്റെ അനുരണനം ഇന്ത്യയിലും അലയടിക്കുക സ്വാഭാവികം. പ്രത്യേകിച്ചും പ്രസിഡന്റ് ട്രംപിന്റെ വാണിജ്യ നയങ്ങള്‍ നമ്മുടെ രാജ്യത്തെയും നിര്‍ണായകമായി സ്വാധീനിക്കുന്ന സാഹചര്യത്തില്‍.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഡോണള്‍ഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിലെ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമായി. ഇരു സഭകളിലും ഡമോക്രാറ്റിക് പാര്‍ട്ടിക്കു ലഭിച്ച മുന്‍കൈ അത്ര അപ്രതീക്ഷിതമല്ലായിരുന്നുവെങ്കിലും പ്രസിഡന്റ് ട്രംപിന് ഇതു കനത്ത ആഘാതം തന്നെ. ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇത്തരമൊരു അവസ്ഥയെ എങ്ങിനെയാകും അ്‌ദ്ദേഹം അതിജീവിക്കുക എന്നതു കൗതുകം മാത്രമല്ല ഉദ്വേഗജനകവുമായിരിക്കും.

ആരെയും കൂസാതെയായിരുന്നു തന്റെ രണ്ടാം ഭരണത്തിന്റെ ആദ്യ പകുതിയില്‍ ട്രംപിന്റെ തീരുമാനങ്ങള്‍ ഓരോന്നും. ഇനിയിപ്പോള്‍ അത്തരം ഏകപക്ഷീയ നീക്കങ്ങള്‍ അത്ര എളുപ്പമാവില്ല. ജനകീയ സഭകളില്‍ നേരിടുന്ന തിരിച്ചടി വീറ്റോ അധികാരത്തിലുടെ അതീജീവിക്കാമെങ്കിലും അത് അത്ര എളുപ്പമാവില്ല. ട്രംപിന്റെ സ്വഭാവത്തിന് നിരന്തരമായ ഏറ്റുമുട്ടലുകള്‍ അനിവാര്യമാകും. ഡെമോക്രാറ്റുകള്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗവും ട്രംപിന്റെ ഏകപക്ഷീയ നീക്കങ്ങളോട് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്‍ഷ്യല്‍ ഭരണരീതി പിന്തുടരുന്ന അമേരിക്കയില്‍ ഇതുകൊണ്ടൊന്നും ട്രംപിന് കാലാവധി തികയ്ക്കുന്നതിനു തടസമില്ല. പക്ഷേ പ്രസിഡന്റ് എടുക്കുന്ന പല തീരുമാനങ്ങളും ഇനി ചോദ്യം ചെയ്യപ്പെടും, നടപ്പാക്കലിനു തടസവും നേരിടും.

രാഷ്ട്രീയത്തിലും ഭരണത്തിലും എല്ലാവര്‍ക്കും ബാധകമായ പല കാര്യങ്ങളും ട്രംപ് തെല്ലും വകവച്ചിട്ടില്ലെന്നാണ് കഴിഞ്ഞൊരു ദശാബ്ദക്കാലത്തെ ട്രംപിന്റെ നടപടികള്‍ വിശകലനം ചെയ്താല്‍ മനസിലാകുന്നതെന്ന് അസോസിയേറ്റഡ് പ്രസിന്റെ വാഷിംഗ്ടണ്‍ ലേഖകന്‍ സ്റ്റീവന്‍ സ്ലോവാന്‍ ചൂണ്ടിക്കാട്ടുന്നു. ഇംപീച്ച്‌മെന്റ് ഭീഷണി, ക്രിമിനല്‍ കുറ്റാരോപണങ്ങള്‍, സാമ്പത്തിക രംഗത്തെ ഇടപെടലുകള്‍, വ്യക്തിപരമായ ആരോപണങ്ങള്‍ എന്നിവയൊക്കെ നേരിട്ട ട്രംപ് അതെല്ലാം നിസാരമായി കരുതി മുന്നോട്ടു നീങ്ങി. ഇതിനിടയിലും അമേരിക്കയില്‍ വന്‍തോതിനിടയതില്‍ നിക്ഷേപം കൊണ്ടുവരുന്നതില്‍ ട്രംപ് കുറെയൊക്കെ വിജയിച്ചു. അതേസമയം അമേരിക്കന്‍ സമ്പദ്ഘടനയെ ആഴത്തില്‍ ബാധിച്ച ഏകപക്ഷീയ നികുതി പ്രഖ്യാപനങ്ങളും ഇറാനെതിരായ യുദ്ധവും പശ്ചിമേഷ്യയില്‍ മാത്രമല്ല സ്വന്തം നാട്ടിലും ട്രംപിന് ഏറെ ശത്രുക്കളെ സൃഷ്ടിച്ചു.

ഇറാന്‍ യുദ്ധം അനവസരത്തിലുള്ളതാണെന്ന് പലരും പറഞ്ഞെങ്കിലും ട്രംപ് തെല്ലും വകവച്ചില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുന്നതിനെ അമേരിക്കാന്‍ ജനതയില്‍ നല്ലൊരു വിഭാഗം ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ റിപ്പബ്ലിക്കാന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പരാജയത്തിനൊരു പ്രധാന കാരണം ഗള്‍ഫ് യുദ്ധമാണെന്ന് ട്രംപിന്റെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് തന്നെ  പരസ്യമായി പറഞ്ഞിരിക്കുന്നു. ആണവയുദ്ധം ഒഴിവാക്കാനായിരുന്നു പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഇടപെടല്‍ എന്നായിരുന്നു ട്രംപിന്റെ ന്യായം. ഇതിന്റെ പേരില്‍ ഇറാനെ വരച്ചവരയില്‍ നിറുത്താമെന്നു ട്രംപ് കരുതിയെങ്കിലും അതില്‍ വിജയിച്ചിട്ടില്ല.

ഇറാനും ഇതര പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയെന്നതാണ് യുദ്ധത്തിന്റെ മറ്റൊരു ആഘാതം. അതിന്റെ വരുംകാല അവസ്ഥ എന്താകുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. പ്രത്യേകിച്ചും ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക്.

പശ്ചിമേഷ്യന്‍ യുദ്ധം ലോകമെമ്പാടും അതിന്റെ പ്രത്യാഘാതം സൃഷ്ടിച്ചു.പ്രത്യേകിച്ചും ഇന്ധനവിലയുടെ കാര്യത്തില്‍. ഇന്ധന വിലവര്‍ധന അമേരിക്കയിലും സാധാരണക്കാരുടെ സ്ഥിതി ദുസഹമാക്കി. വിലക്കയറ്റം കൂനിന്മേല്‍ കുരു ആയി. അമേരിക്ക ഫസ്റ്റ് എന്നതായിരുന്നു ഒരു കാലത്ത് ട്രംപിന്റെ നിലപാട്. പിന്നീട് അതിനു വലിയ ഊന്നല്‍ കൊടുത്തില്ല. മാത്രമല്ല, അമേരിക്കയിലെ സമ്പന്നവര്‍ഗത്തോട് ഒപ്പമാണ് ട്രംപ് എന്നൊരു തോന്നല്‍ സാധാരണക്കാരുടെ ഇടയില്‍ ശക്തമാവുകയുംചെയ്തു. അതിസമ്പന്നനും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും കൂടിയാണ് ഡോണള്‍ഡ് ട്രംപ്.

തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ട്രംപിന്റെ പതിവുസ്വാഭാവത്തില്‍ മാറ്റമുണ്ടാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അമേരിക്കയിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ ചില നിര്‍ണായക രാഷ്ട്രീയപാഠങ്ങള്‍ ലോകത്തിനു നല്‍കുന്നുണ്ട്. അതിന് അമേരിക്കയില്‍ മാത്രമല്ല, നമ്മുടെ നാട്ടു രാഷ്ട്രീയത്തില്‍പോലും പ്രസക്തിയുണ്ട്.

'ബാലറ്റില്‍ എന്റെ പേരില്ലെങ്കിലും എല്ലായിടത്തും ഞാനാണ് മത്സരിക്കുന്നതെന്നു കരുതി വോട്ടു ചെയ്യൂ' എന്നായിരുന്നു തെരഞ്ഞുടുപ്പിന്റെ തലേന്ന് ട്രംപ് നടത്തിയ ആഹ്വാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞുടപ്പു കാലത്തെ ചില പ്രചാരണങ്ങളെ ഇത് അനുസ്മരിപ്പിക്കുന്നുണ്ട്. 'ഞങ്ങളല്ലാതെ മറ്റാര്' എന്ന ചോദ്യം ജനാധപത്യത്തോടു മാത്രമല്ല, വോട്ടര്‍മാരായ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഇവിടെ താനല്ലാതെ മറ്റാരുണ്ടെന്ന ട്രംപിന്റെ ചോദ്യത്തിന് അമേരിക്കന്‍ ജനത തക്ക മറുപടി നല്‍കി.

ഇന്ത്യയിലും കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്കും മുന്നണിക്കുമൊക്കെ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വലിയ തരിച്ചടി നേരിട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലാകട്ടെ നിയമസഭാ തെരഞ്ഞുടുപ്പുകളില്‍ വന്‍ വിജയം നേടിയവര്‍ക്ക് പിന്നീടു നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും വലിയ പരാജയം നേരിട്ടിട്ടുണ്ട്. ഇത്തരം പരാജയങ്ങള്‍ പാഠങ്ങളായി മാറുകയും അതു പഠിച്ച് പരിഹാരം കാണുകയും ചെയ്യുന്നവര്‍ക്കാണ് പരാജയങ്ങളെ പിന്നീടു വിജയങ്ങളായി പരണമിപ്പിക്കാന്‍ കഴിയുന്നത്. അതിന് തെളിവുകള്‍ തേടി ദൂരയെങ്ങും പോവുകയും വേണ്ട.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്കുണ്ടായ ചില നേട്ടങ്ങള്‍ എല്ലാവരും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രമീള ജയപാലും പിയയും സുഹാസ് സുബ്രഹ്മണ്യവും റോ ഖന്നയുമൊക്കെ ഈ നേട്ടത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ലോസാഞ്ചലസിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച നിത്യ രാമന്‍ മലയാളികള്‍ക്കും അഭിമാനമായി.

വിദേശ രാജ്യങ്ങളില്‍ പലേടത്തും ഇന്ത്യക്കാര്‍ തെരഞ്ഞടുപ്പുകളില്‍ മത്സരിച്ചു വിജയക്കാറുണ്ട്. കുടിയേറ്റത്തിന്റെ മറ്റൊരു മുഖമാണത്. കോട്ടയം മണ്ണാര്‍കുന്ന് സ്വദേശിയായ സോജന്‍ ജോസഫ് ഇപ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമാണ്.

വിഭാഗീയതയെക്കാള്‍ ജനങ്ങളെ ഒരുമിപ്പിക്കുന്ന രാഷ്ട്രീയമാണു വേണ്ടതെന്ന വ്യക്തമായ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിലൂടെ അമേരിക്കന്‍ ജനത നല്‍കിയിരിക്കുന്നതെന്നാണ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടത്. ആ വിലയിരുത്തലിന് എതു രാജ്യത്താണ് പ്രസക്തിയില്ലാത്തത്.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives