Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM October 31, 2026 Community Blog

വാര്‍ത്താവീക്ഷണം

കായിക മികവിന്റെ കാമ്പ് കളയരുത്

സംസ്ഥാന സ്‌കൂള്‍ കായികമേളയക്ക് ഇന്നു തിരശീല വീഴുമ്പോള്‍ വിവാദങ്ങളേക്കാളേറെ ഊന്നല്‍ നല്‍കേണ്ട ചില വസ്തുതകളുണ്ട്. കേരളത്തിന്റെ കായികമികവിന്റെ കളരിയാണ് സ്‌കൂള്‍ കായികമേളകള്‍. കാമ്പസുകളിലെ കളിക്കളങ്ങളിലൂടെ കടന്നുവന്നവരാണ് ദേശീയ തലത്തിലും ആഗോളതലത്തിലും ശ്രദ്ധിക്കപ്പെട്ട നമ്മുടെ കായികതാരങ്ങള്‍. പരിമിതമായ പരിശീലന സൗകര്യങ്ങളിലുടെ കടന്നുവന്ന ഇവരില്‍ മിക്കവരും കഠിനാധ്വാനത്തിന്റ കഥകളാണ് പറയുന്നത്.

ഏറെ വെല്ലുവിളികളികള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍നിന്നെത്തിയ താരങ്ങള്‍ ഇത്തവണത്തെ സ്‌കൂള്‍ കായികമേളയിലും ട്രാക്കിലും ഫീല്‍ഡിലും ചരിത്രം കുറിച്ചു. പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയും നേടിയ പനങ്ങാട്ടിരി ആര്‍പിഎം എച്ച്എസ്എസിലെ അക്ഷയയും മൂവായിരം മീറ്ററില്‍ വെങ്കലം നേടിയ പറളി എച്ച്എസ്എസിലെ ഇനിയയും കയറിക്കിടക്കാന്‍ സ്വന്തമായൊരു കൂര പോലും ഇല്ലാത്ത കുട്ടികളാണ്. ഇരുവരുടെയും ജീവിത പോരാട്ടത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ കണ്ട് സുമനസുകള്‍ ഇരുവര്‍ക്കും സ്ഥലവും വീടും നല്‍കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്‌ളെകസ് ഉപയോഗിച്ചു മറച്ചുകെട്ടിയ വീട്ടിലാണ് അക്ഷയയുടെ കുടുംബം താമസിക്കുന്നത്. ഒറ്റമുറി വാടകവീട്ടിലാണ് ഇനിയയുടെ കുടംബത്തിന്റെ താമസം.  

മികവു തെളിയിച്ച കുറെ താരങ്ങളുടെ ജീവിതകഥ ഇത്തവണയും നാം കേട്ടു. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ പാലക്കാട്ടെ ജെ.ജയലക്ഷ്മി പരിശീലകരുടെയും അധ്യാപകരുടെയും കൈത്താങ്ങിലാണ് ഈ നേട്ടം കൊയ്തത്. ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ജയലക്ഷ്മിയുടെ കുടുംബം താമസിക്കുന്നത്. ടാക്‌സി ഡ്രൈവറാണ് അച്ഛന്‍ ജയകുമാര്‍.

ഇതിനിടെ പ്രായത്തട്ടിപ്പിന്റെയും പുഴുവിവാദത്തിന്റെയുമൊക്കെ വികല വിവാദങ്ങളും അരങ്ങേറി. ആധാര്‍ കാര്‍ഡില്‍വരെ തട്ടിപ്പു നടന്നു. കഴിഞ്ഞ  വര്‍ഷവും ഈ വര്‍ഷവും പ്രായത്തട്ടിപ്പു നടത്തിയവരില്‍ ഏറെയും അന്യസംസ്ഥാനങ്ങളില്‍നിന്നെത്തിയവരാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പറയുന്നു. എന്നാല്‍ രേഖകളില്‍ കൃത്രിമം നടത്തിയതിനു പിന്നില്‍ ഇവരാകണമെന്നില്ല. ഇതിനു പിന്നില്‍ ചില സംഘങ്ങള്‍ ഉണ്ടാകാം. അവരെ വെളിച്ചത്തുകൊണ്ടവുന്നാല്‍ മാത്രമേ തട്ടിപ്പു തടയാനാകൂ എന്നും മന്ത്രി പറയുന്നു. പ്രായത്തട്ടിപ്പു പരാതികള്‍ അടുത്തവര്‍ഷം മുതല്‍ ജില്ലാ തലത്തില്‍ തന്നെ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കുന്നു.

എല്ലു പരിശോധന നടത്തി പ്രായക്കുടുതലുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് കോരുത്തോട് സികെഎം എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ യു.പി. സ്വദേശിയെ അയോഗ്യനാക്കിയിരുന്നു. ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഈ കുട്ടി സബ് ജൂണിയര്‍ വിഭാഗം 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് സംസ്ഥാന കായികമേളിയിലേക്കും യോഗ്യത നേടിയത്. സ്‌കൂളിന്റെ കായികപ്പെരുമയ്ക്കായി അന്യസംസ്ഥാന താരങ്ങളെ കളത്തിലിറക്കുന്നതിനെക്കുറിച്ച് വ്യാപകമായ പരാതി ഉയരുന്നുണ്ട്. കായികമേളയുടെ യഥാര്‍ഥ് ലക്ഷ്യങ്ങള്‍ ഇതിലൂടെ അട്ടിമറിക്കപ്പെടുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിന്റെകൂടെ പ്രായത്തട്ടിപ്പും ഉത്തേജക മരുന്നുപയോഗവുമൊക്കെ വിവാദമുയര്‍ത്തുമ്പോല്‍ നമ്മുടെ കായികരംഗത്തിന്റെ വളര്‍ച്ച എതു ദിശയിലേക്കാണെന്ന സംശയം ഉയരുന്നു.

കോഴിക്കോട് മൗലാനാ ആസാദ് സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോച്ച് നവജ്യോതി മണ്ഡല്‍ ആസാം സ്വദേശിയാണ്. വടംവലിയും ത്രോബോളുമൊക്കെ ഇദ്ദേഹം പരിശീലിപ്പിക്കുന്നുണ്ട്. വടംവലിമത്സരത്തിനിടെ ഇദ്ദേഹം ആസാമീസ് ഭാഷയില്‍ കുട്ടികളെ പ്രോത്സഹിപ്പിച്ച കഥയും വാര്‍ത്തകളില്‍ വന്നിരുന്നു.

നമ്മുടെ ചില താരങ്ങള്‍ക്ക് വിദേശത്തു കോച്ചിംഗ് സൗകര്യം ഒരുക്കുന്നതും വിദേശ കോച്ചുകളെ നാട്ടിലേക്കു കൊണ്ടുവരുന്നതുമൊന്നും അപൂര്‍വമല്ല. എന്നാല്‍ സ്‌കൂള്‍ കായികമേളകള്‍ എങ്കിലും നാട്ടിലെ കായികപ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉതകുന്നതാകണം. അവിടെ സ്‌കൂളിനോ റവന്യൂ ജില്ലയ്‌ക്കോ കിട്ടുന്ന മെഡലുകളോ ഓവറോള്‍ ട്രോഫിയോ ഒന്നുമാകരുത് പ്രധാനം. പ്ലാസ്റ്റിക് പടുത കെട്ടിയ വീടുകളില്‍ നിന്നു വരുന്ന കേരള താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയാതെ അന്യസംസ്ഥാനത്തുനിന്ന് കുട്ടികളെകൊണ്ടുവന്ന മെഡലുകള്‍ വാരിക്കൂട്ടിയിട്ട് എന്തു കാര്യം.

യാതൊരു ഉത്തേജകമരുന്നും കൂടാതെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം കായിക നഭസിലെ നക്ഷത്രങ്ങളായി മാറിയ എത്രയോ മലയാളി താരങ്ങളെ നമുക്കു ചൂണ്ടിക്കാട്ടാനാവും. സ്‌കൂള്‍ കായികമേള നടത്തുന്ന വേദിയിലെത്തി കാണികളെ അഭിവാദ്യംചെയ്യുകയും താരങ്ങളെ പ്രോത്സാഹിപ്പിക്കുകുയം ചെയ്ത മുന്‍ രാജ്യാന്തര താരങ്ങളായ അഞ്ജു ബോബി ജോര്‍ജ്, പി.ആര്‍. ശ്രീജേഷ്, പി.യു. ചിത്ര വ.കെ വിസ്മയ, ജിന്‍സണ്‍ ജോണ്‍സണ്‍, കുഞ്ഞുമുഹമ്മദ്, ജോസഫ് ജി.എബ്രാഹം എന്നിവരൊക്കെ പോരാട്ടങ്ങളുടെ കഠിനവഴികള്‍ പിന്നിട്ട് മലയാളിക്കും  രാജ്യത്തിനും അഭിമാനമായവരാണ്.

ഇവരുടെയൊക്കെ പിന്‍ഗാമികളായി എത്തുന്ന കായികപ്രതിഭകളില്‍ ചിലര്‍ കുറുക്കുവഴികള്‍ തേടുമ്പോള്‍ അവരെക്കാളേറെ കുറ്റപ്പെടുത്തേണ്ടത് ഇതിനു പിന്നില്‍ കളിക്കുന്നവരെയാണ്. സ്‌കൂള്‍ അധികൃതരും കായിക പരീശീലകരുമൊക്കെ ഇവിടെ പ്രതിക്കൂട്ടിലായോക്കാം. ഒ.എം നമ്പ്യാരെയും കോരുത്തോടിലെ കെ.പി. തോമസ് മാഷിനെയും പോലുള്ള പരിശീലകരുടെ കാലത്തുനിന്നും തിളയ്ക്കുന്ന സാമ്പാറില്‍ പുഴുവിനെ ഇട്ട് കായികമേള കലക്കാന്‍ ശ്രമിക്കുന്ന കായികാധ്യാപകരിലേക്കുള്ള വളര്‍ച്ച കേരളത്തിന് എത്രയോ അപമാനമാണ്.

ഓട്ടോ റിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്തുമൊക്കെ കുട്ടികളെ മികച്ച കായികതാരങ്ങളാക്കുന്ന എത്രയോ മാതാപിതാക്കളെ നാം ഇത്തരം കായികമേളകളില്‍ കാണാറുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് തങ്ങളുടെ കുട്ടികള്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ അവരുടെ കണ്ണില്‍ നിറയുന്ന ആനന്ദക്കണ്ണീര്‍ നാം ഇത്തവണയും കണ്ടു. ജൂണിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും ലോംഗ്ജംപില്‍ വെള്ളിയും നേടിയ ഡോണ്‍ മാര്‍ട്ടിനെയും സീനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ നിരഞ്ജന പ്രസാദിനെയുമൊക്കെ നിറകണ്ണുകളോടെ വാരിപ്പുണരുന്ന അവരുടെ അമ്മമാരും നാടിന്റെ അഭിമാനം തന്നെ. തങ്ങളുടെ കുട്ടികളെ ലഹരിക്കും ലഹളയ്ക്കും വിട്ടുകൊടുക്കാതെ കളിക്കളത്തിലും കലാവേദികളിലും കനകം കൊയ്യാന്‍ സജ്ജരാക്കുന്ന ഇത്തരം രക്ഷിതാക്കളല്ലേ നമ്മുടെ യഥാര്‍ഥ കരുത്ത്.

പതിനേഴാം വയസില്‍ ആഡംബരകാര്‍ വാങ്ങി നല്‍കി വഴിയേ പോകുന്നവരെ ഇടിച്ചുവീഴ്ത്തി കൊല്ലുന്ന കുട്ടികളുടെ മാതാപിതാക്കള്‍ എത്ര ഉന്നതരായാലും കിടപ്പാടമില്ലാത്ത, കഠിനവഴികളില്‍ കുട്ടികളെ വളര്‍ത്തുന്ന ഇത്തരം അച്ഛനമ്മമാരാണ് കേരളത്തിന്റെ യഥാര്‍ഥ സാംസ്‌കാരിക സമ്പത്ത്.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives