Blog Story

വാര്‍ത്താവീക്ഷണം - 01/08/26
Radio Media Village 90.8 FM August 01, 2026 Community Blog

വാര്‍ത്താവീക്ഷണം - 01/08/26


ആരോഗ്യ കേരളം ഇനിയുമകലെ
കേരളത്തിലെ ആരോഗ്യരംഗം നിരന്തരം വിവാദങ്ങളിലും വിമര്‍ശനങ്ങളിലും മുങ്ങിത്താഴുകയാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സജീവമാണ് നമ്മുടെ ആരോഗ്യരംഗത്ത്. സര്‍ക്കാര്‍ ആശുപത്രികളുടെ പോരായ്മകളെക്കുറിച്ചുള്ള പരാതികള്‍ തുടര്‍ക്കഥകളാണ്. ചുരുക്കം ചില സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമാണ് സാമാന്യം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെയുള്ള പ്രധാന ആരോഗ്യകേന്ദ്രങ്ങളില്‍ പരാധീനതകള്‍ ഏറെയാണ്. എന്നിട്ടും കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഉള്ള ആശുപത്രികള്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പരാധീനതകള്‍ പെരുകുകയാണ്.
നമ്മുടെ അനാഥാലയങ്ങളുടെയും മാനസികാരോഗ്യകേന്ദ്രങ്ങളുടെയുമൊക്കെ സ്ഥിതി ഇതിലും കഷ്ടമാണ്. ഇവിടെയൊക്കെചില സ്വകാര്യ സ്ഥാപനങ്ങളാണ് കുറെയെങ്കിലുമൊക്കെ മൈച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയക്കു മൂക്കുകയറിടാനും ബുദ്ധിമുട്ടുക്കാനും ആണ് ചിലരുടെ തത്രപ്പാട്. ഇത്തരം ചില സ്ഥാപനങ്ങള്‍ നടത്തി തട്ടിപ്പു നടത്തുന്നവരുമുണ്ട്. എന്നാല്‍ യാതൊരു ലാഭേച്ഛയുമില്ലാതെ സേവനം നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും തിരിച്ചറിയപ്പെടണം. അതിന് അധികൃതരുടെ കൈത്താങ്ങു ലഭിക്കണം. ചെറിയൊരു സംഭവമുണ്ടായാല്‍ ഇവയ്‌ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ആളുണ്ട്.
നമ്മുടെ ഹൈക്കോടതി ജഡ്ജിമാര്‍ ഈയിടെ തിരുവനന്തപുരം, തൃശൂര്‍ മാനസികാരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ നമ്മുടെ മനസാക്ഷിയെ ഉണര്‍ത്തേണ്ടതുണ്ട്. ഒരുകാലത്തും ഇത്തരം കേന്ദ്രങ്ങള്‍ക്ക് അധികാരികള്‍ പ്രധാന്യമൊന്നും നല്‍കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജഡ്ജിമാര്‍ പറയുന്നു. 'ഈ കവാടത്തിലൂടെ കടന്നുപോകുന്ന ആരുടെയും മനസാക്ഷി നടുങ്ങും' എന്നാണ് ജഡ്ജിമാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരാണ് മാനസികാരോഗ്യകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
രോഗികളെ തനിയെ പാര്‍പ്പിച്ചിട്ടുള്ള സെല്ലുകളിലെ സ്ഥിതി ഞെട്ടിപ്പിക്കുന്നതാണെന്നാണ് ജഡ്ജിമാര്‍ പറയുന്നത്. വായുസഞ്ചാരം പോലും സുഗമല്ലാത്ത സെല്ലുകളുടെ സ്ഥിതി പരമദയനീയമാണ്. ഇതു കൊടിയ മനുഷ്യാവകാശ ലംഘനമാണെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു.
തൃശൂരില്‍ 14 ഏക്കറോളം സ്ഥലമുണ്ടെങ്കിലും ഇവിടെ കാടും പടലും കയറിക്കിടക്കുന്നു. നായക്കളും പാമ്പുകളും സൈ്വരവിഹാരം നടത്തുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും നേരിടുന്ന നാനാവിധ പ്രശ്‌നങ്ങള്‍ വേറെ. ഇവിടെ നിലവിലുള്ള കെട്ടിടങ്ങള്‍പോലും ഫലപ്രദമായി വിനിയോഗിക്കുന്നില്ല. മാനസികാരോഗ്യകേന്ദ്രങ്ങളുടെ കാര്യത്തില്‍ പ്രത്യേക പരിഗണനകള്‍ ആവശ്യമാണ്. ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംബന്ധിച്ച സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. ഓഗസ്റ്റ് 18നകം ഇതുനല്‍കണം.
കേരളം വലിയ മഴക്കെടുതിയിലൂടെകടന്നുപോവുകയാണ്. ഇന്നലെ സംസ്ഥാനമൊട്ടാകെ കനത്തമഴപെയ്തു.വലിയ നാശനഷ്ടമുണ്ടായി. ചില സ്ഥലങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എല്‍നീനോ ഭീഷണി ഉള്ളതിനാല്‍ അതിതീവ്ര മഴ പ്രതീക്ഷിക്കേണ്ടിയിരുന്നു. നാലുപേരാണ് ഈ ദിവസങ്ങളില്‍ മരിച്ചത്. കോന്നി ഏതാണ്ട് ഒറ്റപ്പട്ട സ്ഥിതിയാണ്. മഴക്കെടുതികള്‍ക്ക് മുന്‍കൂര്‍ നടപടി അത്രകണ്ടു സാധ്യമാണെങ്കിലും മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.
മഴക്കെടുതികളുടെ ഭാഗമായി പകര്‍ച്ചവ്യാധികളും ആരോഗ്യമേഖലയുടെ സജീവമായ ഇടപെടല്‍ ആവശ്യപ്പെടുന്നു. ചുമ, പനി തുടങ്ങിയ പ്രശ്‌നങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിലെത്തുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ അതതുസമയത്ത് നേരിടേണ്ടതാണ്. എന്നാല്‍ ചില രോഗങ്ങള്‍ സമ്പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ടുവെന്നൊക്കെ നാം അവകാശപ്പെടുമ്പോഴും അവ ചിലയിടങ്ങളില്‍ തലപൊക്കുന്നത് നിരന്തരമായ ജാഗ്രതയുടെ അഭാവം കൊണ്ടുകൂടിയാണ്.
കുഷ്ഠരോഗ നിര്‍മാര്‍ജനം സംസ്ഥാന ആരോഗ്യവകുപ്പിന്റെ ലക്ഷ്യമാണെങ്കിലും അത് ഇനിയും പൂര്‍ണതയിലെത്തിയിട്ടില്ല. ഇതിനായി കേന്ദ്രഫണ്ട് ലഭ്യായിട്ടുണ്ട്. എന്നാല്‍ നൂറുകണക്കിനാളുകള്‍ പുതുതായി രോഗബാധിതരാകുന്നതായി കണ്ടെത്തി. സംസ്ഥാനത്തെ മൂന്നു ലെപ്രസി ആശുപത്രികളിയലായി 158 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ലോകത്തെ കുഷ്ഠരോഗബാധിതരില്‍ 60 ശതമാനം ഇന്ത്യയിലാണെന്ന വസ്ുതതയും ശ്രദ്ധിക്കേണ്ടതുണ്ട്.
ചില രോഗങ്ങള്‍ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാനുള്ള ശേഷി നാം ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു. ലോകാരോഗ്യസംഘടനയും മറ്റും ഇത്തരം കാര്യങ്ങളില്‍ വേണ്ട സഹായം ചെയ്യുന്നുണ്ട്. ഇവയൊക്കെ ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്കു കഴിയണം.
ആരോഗ്യരംഗത്ത് കേരളത്തിന് ചില വന്‍നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. ശിശുമരണനിരക്കിലുള്ള കുറവ്, പൊതുജനാരോഗ്യരംഗത്തെ ചില നേട്ടങ്ങള്‍ എന്നിവ നാം ഉയര്‍ത്തിക്കാട്ടാറുണ്ടായിരുന്നു. എന്നാല്‍ അവയില്‍ പലതിലും നാം പിന്നോട്ടു പോയിരിക്കുന്നു. പകര്‍ച്ചവ്യാധികളുടെ കാര്യം തന്നെ പ്രധാനം. പുതിയ പുതിയ പേരുകളില്‍ എത്തുന്ന പകര്‍ച്ചവ്യാധികള്‍ ഇന്നു കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്നു.
മാലിന്യ സംസ്‌കരണത്തിലെ പോരായ്മ നമ്മുടെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. ശുദ്ധ ജല ലഭ്യത കേരളം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. ജലസമൃദ്ധമെന്ന് വിളിച്ചിരുന്ന സംസ്ഥാനം ശുദ്ധജല ലഭ്യതയുടെ കാര്യത്തില്‍ നാം പിന്നോക്കം പോകുന്നു. നമ്മുടെ ജലസംഭരണികളെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടുകൂടിയാണിത്.
ആരോഗ്യ കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പു സാമ്പത്തിക വര്‍ഷം 12,081 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്. അത് നമ്മുടെ യാഥാര്‍ഥ ആവശ്യങ്ങള്‍ക്കു പൊരുത്തപ്പെടുന്നതല്ല.
സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളുടെ ദുസ്ഥിതയെക്കുറിച്ച് ഹൈക്കോടതി കണ്ടെത്തിയ കാര്യങ്ങള്‍ ആരോഗ്യരംഗത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. അതിന്റെ വിശാലമായ തലങ്ങളിലേക്ക് നാം ഇനിയും കടന്നുചെല്ലേണ്ടിയിരിക്കുന്നു.
നന്ദി, നമസ്‌കാരം.


രചന: സെര്‍ജി ആന്റണി

Share this article

Lakhs

Active Listeners

Sub Stations

+

Charity Activties

+

Social Initiatives